മലപ്പുറം: ആന്തൂരിൽ വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഇനി ഫയലുകൾ വൈകിപ്പിക്കില്ലെന്ന പ്രതിജ്ഞയുമായി മലപ്പുറം ജില്ലയിലെ 32,000 സർക്കാർ ജീവനക്കാർ. ഇന്നലെ രാവിലെ 11.11നാണ് എല്ലാ ഓഫീസുകളിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതവും അഴിമതിരഹിതവും കുറ്റമറ്റതുമായി നൽകുമെന്ന പ്രതിജ്ഞയെടുത്തത്. കളക്ടറേറ്റിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ സാന്നിദ്ധ്യത്തിൽ എ.ഡി.എം ഡോ. ജെ.ഒ.അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവനക്കാർ അതത് സ്ഥാപനങ്ങളിൽ പ്രതിജ്ഞയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. പ്രതിജ്ഞയെടുത്തത് സംബന്ധിച്ച വിശദാംശങ്ങൾ ഉച്ചയ്ക്ക് 12നകം ഓഫീസ് മേധാവികൾ ജില്ലാ കളക്ടർക്ക് ഇ മെയിലായി നൽകി.
പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾക്കും തുടക്കമിട്ടു. പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കുകയും ഫയലുകളിൽ പെട്ടെന്ന് തീരുമാനം എടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.