തിരൂരങ്ങാടി: ചെറുമുക്ക് ജീലാനിനഗറിലെ മീത്തിൽ മികച്ചാൻ മുഹമ്മദ്അലിയുടെ വീട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രി മോഷ്ടിച്ച മൂന്നു ലക്ഷം രൂപ ഇന്നലെ രാത്രി വീട്ടുപരിസരത്ത് തിരിച്ചു കൊണ്ടിട്ടു. സ്ഥലം വിറ്റ വകയിൽ തിങ്കളാഴ്ച്ച രാത്രി എട്ടരയ്ക്കാണ് വീട്ടുകാർക്ക് മൂന്നുലക്ഷം രൂപ കിട്ടിയത്. ഇതാണ് രാത്രിയോടെ മോഷ്ടിച്ചത് . സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടെ ഇന്നലെ രാത്രി എട്ടോടെയാണ് പണം അടുക്കളഭാഗത്ത് കടലാസിൽ പൊതിഞ്ഞ് കൊണ്ടുവന്നിട്ട നിലയിൽ കണ്ടെത്തിയത്. പണത്തോടൊപ്പം സ്വർണവളയും മോതിരവും കളവ് പോയിരുന്നു. ഇത് തിരിച്ചുകിട്ടിയിട്ടില്ല.
സ്ഥലം വിറ്റ വകയിൽ കിട്ടാനുള്ള ബാക്കി പണമാണ് തിങ്കളാഴ്ച്ച രാത്രിയോടെ വീട്ടുകാർക്ക് കിട്ടിയത്. തുടർന്ന് ഇത് അലമാരയിൽ വച്ചു. രാത്രി 11ഓടെ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അലി സുഖമില്ലാത്തത് കാരണം സഹോദരന്റെ വീട്ടിലായിരുന്നു. രണ്ട് സ്ത്രീകളും മൂന്നു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
പണം തിരിച്ചു കിട്ടിയ കാര്യം വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി. പണം സ്റ്റേഷനിലേക്ക് കൊണ്ടുപോയി .