മലപ്പുറം: ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിൽ ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാരിൽ പിടിമുറുക്കി ജില്ലാ ഭരണകൂടം.
ഒരുവർഷമായിട്ടും തീർപ്പാക്കാത്ത ഫയലുകൾ കാര്യകാരണ സഹിതം സമർപ്പിക്കണമെന്ന ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ സെക്രട്ടറിമാർ ഫയലുകൾ കൈമാറി.
സെക്രട്ടറിമാരുടെ പ്രവർത്തനങ്ങൾ ജില്ലാതല സമിതി വിലയിരുത്തും. വീഴ്ച്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കും. ഇതു സംബന്ധിച്ച് കളക്ടറേറ്റ് സമ്മേളന ഹാളിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിൽ വിപുലമായ പദ്ധതികൾക്ക് കളക്ടർ രൂപമേകി.
ഇവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മാസത്തിൽ അഞ്ച് പഞ്ചായത്തുകൾ സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
പ്രവർത്തനം അടിമുടി മാറ്റും
ഓരോ മാസവും അദാലത്ത് നടത്തി കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പുണ്ടാക്കും.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാനാവാത്തവ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.
പ്രസിഡന്റും സെക്രട്ടറിയും തമ്മിലെ പ്രശ്നങ്ങൾ വികസനത്തെയും ജനങ്ങളെയും ബാധിച്ചാൽ സെക്രട്ടറിയെ സ്ഥലംമാറ്റും.
വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ഉറപ്പുവരുത്തും.
ബിൽഡിംഗ് റൂൾ പാലിക്കാതെ വരച്ച പ്ലാനുകളിൽ തെറ്റുകൾ ആവർത്തിച്ചാൽ ലൈസൻസ് സസ്പെന്റ് ചെയ്യും.
കെട്ടിട നിയമങ്ങൾ സംബന്ധിച്ച് അംഗങ്ങൾക്ക് പരിശീലനമേകാൻ ലെൻസ്ഫെഡ് ഭാരവാഹികൾക്ക് നിർദ്ദേശമേകും.
നിയമങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പം ഫയലുകൾ തീർപ്പാക്കൽ വൈകിപ്പിക്കുന്നതിനാൽ ഇതു മറികടക്കാൻ ജില്ലാതലത്തിൽ വിദഗ്ദ്ധസമിതി രൂപവത്കരിക്കണമെന്ന സെക്രട്ടറിമാരുടെ ആവശ്യം കളക്ടർ അംഗീകരിച്ചു.
വൈകിയുള്ള നീതി സർക്കാർ സംവിധാനങ്ങളോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. ജീവനക്കാരുടെ ചുറ്റിക്കലും അപമര്യാദയോടെയുള്ള പെരുമാറ്റവും ഇനി തനിക്ക് മറ്റൊരു വഴിയുമില്ലെന്ന് ചിന്തിക്കുന്നതിലേക്ക് നയിക്കും. മേലുദ്യോഗസ്ഥരും പാർട്ടികളും പറയുമ്പോൾ സഹായിക്കാൻ പലവഴികൾ തേടുന്നവർ ഇതൊന്നുമില്ലാത്ത സാധാരണക്കാരനെ കൈയൊഴിയുന്നത് അംഗീകരിക്കാനാവില്ല.
ജാഫർ മാലിക്, ജില്ലാ കളക്ടർ
ജൂൺ 18
നാണ് ആന്തൂരിലെ പ്രവാസി വ്യവസായിയായ സാജൻ, ഓഡിറ്റോറിയത്തിന് നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ച സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയ്ക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ രംഗത്തെത്തിയിരുന്നു.
ഫ്രണ്ട് ഓഫീസിൽ പരിശീലനം സിദ്ധിച്ചവരെ നിയോഗിക്കണം. അപേക്ഷകൻ ഫയൽ നമ്പർ നൽകിയാൽ നിജസ്ഥിതി അന്വേഷിച്ച് വിവരങ്ങൾ കൈമാറണം. അപേക്ഷകന് ജീവനക്കാരെ നേരിട്ട് കാണേണ്ട അവസ്ഥ അഴിമതിക്ക് അവസരമൊരുക്കും. ഫ്രണ്ട് ഓഫീസ് ഹെൽപ്പ് ഡെസ്ക്കിൽ കുടുംബശ്രീയെ ഉൾപ്പെടുത്തുന്നതും ആലോചിക്കും.
മീറ്റിംഗിനോ അനുബന്ധ ആവശ്യങ്ങൾക്കോ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ പുറത്തുപോയാൽ ഇക്കാര്യം ഫ്രണ്ട് ഓഫീസ് ബോർഡിൽ രേഖപ്പെടുത്തണം. സിറ്റസൺ ചാർട്ടറും ആർ.ടി.ഐ ബോർഡും സ്ഥാപിക്കണം.
ഓഫീസ് സമയത്ത് ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോൺ ഉപയോഗിക്കരുത്. സോഷ്യൽമീഡിയയിൽ ഫോർവേഡ് മെസേജ് ചെയ്താൽ പോലും വിശദീകരണം ചോദിക്കണം.
ജനങ്ങൾ വരുന്ന ഭാഗത്തെങ്കിലും സി.സി ടിവി സ്ഥാപിക്കണം. പിന്നീട് വരുന്ന ആക്ഷേപങ്ങൾ പരിശോധിക്കാനാണിത്.
പഞ്ചായത്ത്, നഗരസഭ ഓഫീസുകളിൽ മാസത്തിൽ ഒരാളെ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്ത് ആദരിക്കണം. ഓഫീസിന് പുറത്ത് ബോക്സ് സ്ഥാപിച്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരമേകണം. ഇല്ലെങ്കിൽ ജീവനക്കാർക്കിടയിൽ തന്നെ വോട്ടിംഗ് നടത്തി കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.