air-india

വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി

മലപ്പുറം: ഗൾഫിൽ വേനലവധിക്ക് സ്കൂളുകളടയ്ക്കുന്നത് മുതലെടുത്ത് സ്വകാര്യ വിമാനക്കമ്പനികൾക്കൊപ്പം എയർ ഇന്ത്യയും ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതോടെ പ്രവാസി കുടുംബങ്ങൾക്ക്‌ നാട്ടിലേക്ക് വരാനാവാത്ത സ്ഥിതിയായി. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ഗ‍ൾഫിൽ അവധിക്കാലം.

ദുബായിൽ നിന്ന് നാലംഗങ്ങളുള്ള കുടുംബത്തിന് നാട്ടിലെത്താൻ എയർ ഇന്ത്യയിലെങ്കിൽ ഒന്നര ലക്ഷത്തോളവും സ്വകാര്യ വിമാനങ്ങളിൽ രണ്ട് ലക്ഷത്തിന് മുകളിലും നൽകണം. തിരിച്ചു പോവുമ്പോഴും ഇതേ തുക നൽകേണ്ടിവരും. ഒരു ടിക്കറ്റിന് 10,​000 രൂപയിൽ താഴെയാണ് സാധാരണ നിരക്ക്. കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് നാലുപേർക്ക് പോകാൻ 25,000 രൂപ മതിയായിരുന്നു. റിയാദിൽ നിന്ന് ഒരാൾക്ക് ഇപ്പോൾ നാട്ടിലെത്താൻ 40,000 രൂപയ്ക്ക് മുകളിൽ നൽകണം.

കോഴിക്കോട്,​ കൊച്ചി,​ കണ്ണൂർ,​ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കെല്ലാം സമാനമായ നിരക്കുവർദ്ധനയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മിക്ക സ്കൂളുകളും അടയ്ക്കുമെന്നതിനാൽ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുന്നുണ്ട്. പൊതുവെ ടിക്കറ്റ് നിരക്ക് കുറയുന്ന കണക്ടിംഗ് വിമാനങ്ങളിലും ഉയർന്ന നിരക്കാണിപ്പോൾ.

യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ പല വിമാനങ്ങളിലും ടിക്കറ്റ്‌ ലഭ്യമല്ല. ജെറ്റ് എയർവേയ്സ് സർവീസ് നിറുത്തിയതും തിരിച്ചടിയായി. ഇത്തിഹാദ്,​ എമിറേറ്റ്സ്,​ ഫ്ലൈ ദുബായ്,​ ഗൾഫ് എയർ,​ സൗദി എയർലൈൻ,​ ഒമാൻ എയർ അടക്കമുള്ള സ്വകാര്യവിമാനങ്ങളിലെ നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവില്ല. സെപ്തംബറിൽ സ്കൂളുകൾ തുറക്കുന്നതോടെ കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കും ഇതേപോലെ ഉയരും.

വിമാനക്കമ്പനി - റൂട്ട് - നാളത്തെ റേറ്റ്

(ഇക്കണോമി ക്ലാസ്)

എയർഇന്ത്യ : ദുബായ്-കോഴിക്കോട് - 32,​096

എത്തിഹാദ് : ദുബായ് -കോഴിക്കോട് - 52,404

ഗൾഫ് എയർ: ദുബായ് -കോഴിക്കോട് - 64,​678

എയർഇന്ത്യ: അബുദാബി-കൊച്ചി - 32,284
ഇൻഡിഗോ: അബുദാബി -കൊച്ചി - 39,​886

എത്തിഹാദ് : അബുദാബി-കൊച്ചി - 57,​615

ഗൾഫ് എയർ: അബുദാബി-കൊച്ചി - 64,​511