മലപ്പുറം: ഭൂമിയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കെട്ടിക്കിടക്കുന്നതിനിടെ ജില്ലയിൽ റീസർവേ പ്രവർത്തനങ്ങൾ വീണ്ടും നിറുത്തിവച്ചു. പരാതികൾ തീർപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച് ഒരുവർഷം കഴിയുമ്പോഴും റീസർവേയിൽ പോലും നടപടികളുണ്ടായിട്ടില്ല. ജില്ലയിലെ 138 വില്ലേജുകളിൽ 37 ഇടങ്ങളിൽ മാത്രമാണ് റീസർവേ പൂർത്തിയാക്കിയത്. 101വില്ലേജുകളിൽ ഇനിയും സർവേ നടത്താനിരിക്കെയാണ് അനിശ്ചിതമായി പ്രവർത്തനങ്ങൾ നീണ്ടുപോവുന്നത്. താത്ക്കാലികമായാണ് റീസർവേ നിറുത്തിവച്ചതെന്ന് അവകാശപ്പെടുന്ന ജില്ലാ റീസർവേ അധികൃതർ ഇതിന്റെ കാരണം വ്യക്തമാക്കുന്നില്ല. ഇനംമാറ്റം, സർവേ മാറ്റം, ഉടമയുടെ പേര് മാറ്റം, അളവിൽ കുറവ് തുടങ്ങിയവയ്ക്കെതിരെയുള്ള പരാതികളിൽ തീർപ്പിനായി വർഷങ്ങളായി നിരവധി പേർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നുണ്ട്. റീസർവേ നടപ്പാക്കിയ വില്ലേജുകളിൽ ഇതുസംബന്ധിച്ച പരാതികളുമുണ്ട്. ഒന്നുമാവാതെ സർവേ നടപടി പെരിന്തൽമണ്ണ താലൂക്കിലെ 24 വില്ലേജുകളിൽ ഒന്നിൽപോലും റീസർവേ നടത്തിയിട്ടില്ല. കൊണ്ടോട്ടിയിലെ 12 വില്ലേജുകളിലും നടപടികളായിട്ടില്ല. പൊന്നാനിയിലെ 11 വില്ലേജുകളുടെ അവസ്ഥയും ഇതുതന്നെ. തിരൂർ താലൂക്കിലെ 30 വില്ലേജുകളിൽ നാലിടത്തും തിരൂരങ്ങാടിയിലെ 17 വില്ലേജുകളിൽ ഏഴിടത്തും മാത്രമാണ് ഇതുവരെ റീസർവേ നടത്തിയത്. ഏറനാട് താലൂക്കിൽ മാത്രമാണ് റീസർവേ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിട്ടുള്ളത്. ഇവിടത്തെ 23 വില്ലേജുകളിൽ 19 ഇടത്ത് റീസർവേ പൂർത്തിയാക്കിയിട്ടുണ്ട്. തുടക്കത്തിൽ സർവേ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോയെങ്കിലും പിന്നീട് ഇഴഞ്ഞു നീങ്ങി. ജീവനക്കാരുടെ കുറവ് വിലങ്ങുതടിയായതിനൊപ്പം മറ്റിടങ്ങളിലെ റീസർവേ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ജീവനക്കാരെ നിയമിച്ചതും മെല്ലെപ്പോക്കിന് കാരണമായി. വ്യാപക പരാതികളെ തുടർന്ന് 2012ൽ നിറുത്തിവച്ച സർവേയ്ക്ക് 2018ലാണ് വീണ്ടും തുടക്കം കുറിച്ചത്. രണ്ട് ജില്ലകളെ വീതം ഉൾപ്പെടുത്തി ഏഴ് ഘട്ടങ്ങളായി സർവേ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. റീസർവേ പൂർത്തിയായ കാലയളവിലെ മാപ്പുകൾ www.erekha.kerala.gov.in എന്ന വെബ് പോർട്ടലിൽ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഓൺലൈൻ മുഖേനെ പണമടച്ച് ഇവ കൈപ്പറ്റാം. റീസർവേ പൂർത്തിയാക്കിയ ഇടങ്ങളിലെ റിക്കാർഡുകൾ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഏറ്റവും പിന്നിൽ ഇവർ താലൂക്ക് ആകെ വില്ലേജുകൾ സർവേ പൂർത്തീകരിച്ചത് പെരിന്തൽമണ്ണ : - 24 - 0 കൊണ്ടോട്ടി - 12 - 0 പൊന്നാനി - 11 - 0 റീസർവേ വൈകാതെ പുനരാരംഭിക്കും. താത്ക്കാലികമായി നിറുത്തിയതിന്റെ കാരണം വ്യക്തമാക്കാനാവില്ല.ജില്ലാ സർവേ സൂപ്രണ്ടന്റ് അധികൃതർ