പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെയായി അടച്ചിട്ട ശസ്ത്രക്രിയാ മുറി തുറക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ(എച്ച്.എം.സി.) അടിയന്തരയോഗം തീരുമാനമെടുത്തു. ഓപ്പറേഷൻ തീയേറ്റർ അടച്ചിട്ടതും ആശുപത്രിയുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു . തുടർന്നാണ് എച്ച്.എം.സി അടിയന്തര യോഗം ചേർന്നത്. ശസ്ത്രക്രിയാമുറി പുതിയ മാതൃശിശു ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു. മുന്നറിയിപ്പില്ലാതെ ശസ്ത്രക്രിയാ മുറി അടച്ചിട്ടതിലും വിമർശനമുണ്ടായി.
ജോലിയിൽ നിന്നും വിരമിച്ചവരെ വീണ്ടും താത്ക്കാലിക ജീവനക്കാരായി നിയമിക്കുന്നതിന് പകരം യുവാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യമുണ്ടായി.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിലെ എച്ച്.എം.സി. അംഗങ്ങളുടെയും സൂപ്രണ്ടുമാരുടെയും ആർ.എം.ഒ.മാരുടെയും യോഗം ഈ മാസം എട്ടിന് മലപ്പുറത്ത് ജില്ലാപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. മൂന്നിടങ്ങളിലെയും ജീവനക്കാരുടെ കുറവും വേതനം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഏകീകൃത തീരുമാനമുണ്ടാക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ വി. സുധാകരൻ, ഉമ്മർ അറയ്ക്കൽ, ടി. ഹാജറുമ്മ, എം.കെ. റഫീഖ, ആശുപത്രി സൂപ്രണ്ട് ഡോ.വിഷ്ണു, ഡോ. എ.ഷാജി, ആർ.എം.ഒ. ഇന്ദു, കുറ്റീരി മാനുപ്പ, കൃഷ്ണദാസ് ആൽപ്പാറ തുടങ്ങിയവരും പങ്കെടുത്തു.
5മാസം കഴിഞ്ഞ് ചേർന്ന് എച്ച്.എം.സി
മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരണമെന്നിരിക്കേ അഞ്ചുമാസത്തിന് ശേഷമാണ് എച്ച്.എം.സി യോഗം ചേർന്നത്. ഇതിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് യോഗം വിളിക്കാതിരുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും യോഗവുമായി ബന്ധമില്ലെന്നും തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തിലുണ്ടായതെന്നും വി. ബാബുരാജ്, ടി.കെ. റഷീദലി, എ. ശിവദാസൻ എന്നിവർ ചൂണ്ടിക്കാട്ടി.
ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളടക്കം അംഗങ്ങളെ അറിയിച്ചില്ലെന്നും പരാതിയുണ്ടായി. അടിയന്തര യോഗവും പലരും അറിഞ്ഞില്ലെന്ന് ആക്ഷേപമുയർന്നു.