തിരൂരങ്ങാടി :പാലത്തിങ്ങൽ പാലത്തിന്റെനടപ്പാതയിൽ രൂപപ്പെട്ട കുഴി കോൺക്രീറ്റ് ചെയ്ത് സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച ഈ കുഴിയിലൂടെ വിദ്യാർത്ഥി പുഴയിൽ വീണതിനെ തുടർന്നാണ് നടപടിയുണ്ടായത്. അപകടത്തിൽ പരിക്കുകളില്ലാതെ വിദ്യാർത്ഥി രക്ഷപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപകട സ്ഥലത്ത് കോൺക്രീറ്റ് ചെയ്യുകയും സൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പാലത്തിന്റെ കൈവരികൾ ബലപ്പെടുത്തുന്നതുൾപ്പടെയുള്ള മറ്റു ജോലികൾ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട്എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജലസേചന വകുപ്പ് മന്ത്രി ക്ക്പരാതി നൽകിയിരുന്നു.