മഞ്ചേരി : മെഡിക്കൽ കോളേജിനടുത്ത് പൊതുനിരത്തിൽ മാലിന്യങ്ങളും മലിനജലവും പരന്നൊഴുകുന്ന പ്രശ്നത്തിന് പരിഹാരമായി. ഇന്നലെ ശുചീകരണ തൊഴിലാളികളെത്തി സ്ളാബുകൾ നീക്കി ഓടകൾ വെള്ളമൊഴുകിപ്പോവാൻ പാകത്തിലാക്കുകയും മാലിന്യങ്ങൾ പരന്നൊഴുകിയ ഭാഗങ്ങളിൽ ശുചീകരണം നടത്തുകയും ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളേജിനടുത്ത് കോർട്ട് റോഡിലേക്ക് ഓടയിൽ നിന്ന് ആശുപത്രി മാലിന്യങ്ങളടക്കം പരന്നൊഴുകിയതാണ് നാട്ടുകാരെ വലച്ചത്. ഇതു സംബന്ധിച്ച് കേരളകൗമുദി ബുധനാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നഗരസഭ വിഷയത്തിലിടപെട്ടത്.
സാംക്രമിക രോഗങ്ങൾക്കു തടയിടാൻ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ ആരോഗ്യജാഗ്രത നടപ്പാക്കുമ്പോൾ ആതുരാലയ പരിസരത്തെ മാലിന്യപ്രശ്നം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മഴക്കാലമാരംഭിച്ചതുമുതൽ നിലനിൽക്കുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ശുചീകരണത്തിനു നടപടിയുണ്ടായില്ല. ഓട നിറഞ്ഞുകവിഞ്ഞ് മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും പൊതുനിരത്തിലേക്കൊഴുകുന്നത് കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. ഇതിൽ നടപടിയില്ലാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഓട വൃത്തിയാക്കൽ കാര്യക്ഷമമായില്ലെന്ന് തെളിയിക്കുന്നതു കൂടിയായിരുന്നു സംഭവം.