വളാഞ്ചേരി: പുഴയോരത്ത്കുളം നിർമ്മിക്കാനുള്ള ശ്രമത്തിൽ ഇരിമ്പിളിയം പഞ്ചായത്തിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ, തൂതപ്പുഴയോരത്തെ മിനി സ്റ്റേഡിയത്തിനു സമീപത്തുള്ള സ്ഥലത്താണ് രണ്ടുവർഷം മുമ്പ് നീന്തൽക്കുളം നിർമ്മാണമാരംഭിച്ചത്. ഈ സ്ഥലം ഇപ്പോൾ കാടുമൂടി കിടക്കുകയാണ്. മുമ്പ് ഈ ഭാഗത്ത് സ്വകാര്യവ്യക്തികൾ വ്യാപകമായി പുഴയോരം കൈയേറിയിരുന്നു. കൈയേറ്റം തിരിച്ചു പിടിക്കുന്നതിനൊപ്പം അവിടെ കുളം നിർമ്മിച്ച് കുട്ടികളെ നീന്തൽ പഠിപ്പിക്കുക, യുവാക്കളുടെ കായികശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിട്ടത്. എന്നാൽ ശ്രമം തുടക്കത്തിലേ പാളി. പുഴയോട് ചേർന്ന ഭാഗത്ത് വൻതോതിൽ മണലടിഞ്ഞതിനാൽ കുഴിയെടുക്കുക പ്രയാസമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് ദിവസങ്ങളോളം പണിയെടുപ്പിച്ചെങ്കിലും ഒരു മീറ്റർപോലും ആഴത്തിൽ കുഴിയെടുക്കാനായില്ല. വലിയ മണൽക്കൂന ഉണ്ടായത് മാത്രം മിച്ചം. ഈയിനത്തിൽ 3 ലക്ഷം രൂപ ചെലവായി. യാതൊരു പഠനവും നടത്താതെ കുളം നിർമ്മാണം ആരംഭിച്ചതാണ് വിനയായത്. നിലവിൽ പദ്ധതി ഉപേക്ഷിച്ച സ്ഥിതിയാണ്.
പദ്ധതി എളുപ്പമല്ല
കാലങ്ങളായി മണലടിഞ്ഞ് കൂടിയ ഭാഗത്ത് കുഴിയെടുക്കുക പ്രയാസമാണ്.
ജെ.സി.ബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുക്കാനാവുമെങ്കിലും മണൽ കുളത്തിലേക്ക് തന്നെ വീഴുന്നത് ഭീഷണിയാവും.
വേനലിലും കുളത്തിൽ വെള്ളം ഉണ്ടാവണമെങ്കിൽ പുഴയുടെ അതേ നിരപ്പിൽ കുഴിക്കേണ്ടിവരും.
മണൽ അടിഞ്ഞുകൂടിയ സ്ഥലത്ത് 20 അടിയോളം താഴ്ച്ചയിൽ കുഴിയെടുക്കുകയെന്നത് ദുഷ്ക്കരമാണ്.
വർഷക്കാലങ്ങളിൽ പുഴ നിറഞ്ഞൊഴുകുമ്പോൾ കുളവും വെള്ളത്തിനടിയിലാകും. ഇത് കുളത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തും.
സ്ഥലം കുളത്തിന് അനുയോജ്യമല്ല. അതിനാൽ ഇനി ഈ പദ്ധതിക്കായി തുക ചെലവഴിക്കാൻ സാദ്ധ്യതയില്ല.
കെ.ടി. മൊയ്തു, മുൻ പഞ്ചായത്ത് പ്രസിഡന്റ്
2017-18 വർഷമാണ് കുളം നിർമ്മാണം ആരംഭിച്ചത്