തവനൂർ: തിരുനാവായയിൽ അകിട് രോഗം ബാധിച്ച് ഒരു മാസത്തോളമായി തെരുവുപട്ടി ദുരിതമനുഭവിക്കുന്നു. ഇതിനെ പിടികൂടി ചികിത്സിക്കാൻ തിരുനാവായ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ റീഎക്കോ പ്രവർത്തകർ ഒരു ദിവസം മുഴുവൻ ശ്രമിച്ചെങ്കിലും പട്ടി കുറ്റിക്കാട്ടിൽ ഒളിച്ചതിനാൽ നടന്നില്ല. പിന്നീട് പട്ടിയെ ചികിത്സിക്കാനുള്ള പ്രത്യേക യൂണിറ്റിനെ നിലമ്പൂരിൽ നിന്നും പ്രവർത്തകർ എത്തിച്ചെങ്കിലും പിടികൂടാൻ അവർക്കുമായില്ല. ഈശ്വരമംഗലം മൃഗാശുപത്രിയെ സമീപിച്ചപ്പോൾ മുറിവ് ഉണങ്ങും ദിവസവും മരുന്നു വയ്ക്കാൻകൊണ്ടുവരേണ്ടി വരുമെന്നും അസുഖം മാറും വരെ സംരക്ഷിക്കേണ്ടി വരുമെന്നുമാണ് നാട്ടുകാരോട് പറഞ്ഞത്.
പിടിക്കാൻ തന്നെ കഴിയാത്ത നായയെ എങ്ങനെ ദിവസവും എത്തിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവത്തിന് എത്രയും വേഗം പരിഹാരം കണ്ട് മിണ്ടാപ്രാണിയുടെ വേദന ശമിപ്പിക്കണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.