മലപ്പുറം: കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അപേക്ഷകൾ സ്വീകരിക്കുന്നത് നിറുത്തലാക്കിയതിന് പിന്നാലെ തുടർപദ്ധതി സംബന്ധിച്ച അവ്യക്തത രോഗികളുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. ചികിത്സാ ധനസഹായം തേടി ജില്ലാ ലോട്ടറി ഓഫീസിൽ ഇന്നലെയും അപേക്ഷകരെത്തി. ഓപ്പറേഷൻ നിശ്ചയിച്ചവരും തുടർചികിത്സ മുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്‌മാൻ ഭാരത് സംസ്ഥാനത്തും നടപ്പാക്കുന്നതിന്റെ ഭാഗമായി മാർച്ച് 30നാണ് കാരുണ്യ പദ്ധതി നിറുത്തലാക്കിയത്. ഏപ്രിൽ മുതൽ കേന്ദ്രസഹായത്തോടെ റിലയൻസ് ഇൻഷ്വറൻസ് മുഖേന പുതിയ ഇൻഷ്വറൻസ് പദ്ധതി തുടങ്ങിയിട്ടുണ്ട്. തൊഴിൽ വകുപ്പിന് കീഴിലുള്ള ചിയാകാണ് ഏകോപിപ്പിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. ചികിത്സാസഹായം അഭ്യർത്ഥിച്ചെത്തുന്നവർക്ക് മറുപടിയേകാൻ പോലുമാവാത്ത അവസ്ഥയിലാണ് ജില്ലാ ലോട്ടറി അധികൃതർ. ജില്ലയിൽ ജൂൺ 15നാണ് അവസാനമായി കാരുണ്യ പദ്ധതിയിലെ അപേക്ഷകൾ തീർപ്പാക്കിയത്. മാർച്ച് 30 വരെ ലഭിച്ച 308 അപേക്ഷകൾ ചികിത്സാ ധനസഹായത്തിന് അർഹമാണെന്ന് കണ്ടെത്തി. ജില്ലാ കളക്ടർ അദ്ധ്യക്ഷനും ഡി.എം.ഒ, ജില്ലാ ലോട്ടറി ഓഫീസർ, കുറഞ്ഞത് രണ്ട് ഡോക്ടർമാർ അംഗങ്ങളുമായ സമിതി മാസത്തിൽ രണ്ടു തവണ യോഗം ചേർന്നാണ് അപേക്ഷകൾ തീർപ്പാക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് സമിതിയുടെ അനുമതി വേണം. ചികിത്സാച്ചെലവ് സംബന്ധിച്ച് ആശുപത്രിയേകുന്ന കണക്ക് സമിതിയിലെ ഡോക്ടർമാർ പരിശോധിച്ച ശേഷം അപേക്ഷ കളക്ടർ അംഗീകരിക്കും. ജില്ലാ ലോട്ടറി ഓഫീസിൽ നിന്നുള്ള തുടർനടപടികളോടെ തുക ആശുപത്രിയുടെ അക്കൗണ്ടിലെത്തും. മെഡിക്കൽ കോളേജെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിലൂടെ തുകയനുവദിക്കും. ഇനിയെന്ത് ചെയ്യുമവർ ചികിത്സാസഹായത്തിന് അർഹരെന്ന് കണ്ടെത്തിയ 308 അപേക്ഷകളിൽ 112 എണ്ണത്തിന്റെ ഡാറ്റാ എൻട്രി കൂടി അവശേഷിക്കെ വ്യാഴാഴ്ച മുതൽ ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ നിന്ന് നീക്കിയിട്ടുണ്ട്. ഈ അപേക്ഷകളിൽ കൂടി ഡാറ്റാ എൻട്രി പൂർത്തിയാക്കാൻ സമയം നൽകണമെന്നഭ്യർത്ഥിച്ച് ജില്ലാ ലോട്ടറി ഓഫീസ് അധികൃതർ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. 945 പേർക്കാണ് പദ്ധതിയിൻ കീഴിൽ 2019ൽ സഹായം ലഭിച്ചത്. 12.83 കോടിയാണ് ചികിത്സാ ധനസഹായം അനുവദിച്ചത്. ഒന്നിനും ഒരു രൂപമില്ല പുതിയ ഇൻഷ്വറൻസ് പദ്ധതി സംബന്ധിച്ച വ്യക്തമായ നിർദ്ദേശമോ ഉത്തരവുകളോ സർക്കാർ പുറത്തിറക്കാത്തതിനാൽ വൃക്ക, കാൻസർ രോഗികൾ അടക്കമുള്ളവരുടെ തുടർചികിത്സ പ്രതിസന്ധിയിലാണ്. കാരുണ്യ കാർഡുണ്ടായിട്ടും ചികിത്സാ ധനസഹായവും തുടർചികിത്സാ ആനുകൂല്യവും കിട്ടാത്ത സാഹചര്യമാണിപ്പോൾ. കാരുണ്യ പദ്ധതിയുടെ നടത്തിപ്പുകാരായ ലോട്ടറി വകുപ്പിന് പോലും പുതിയ പദ്ധതി സംബന്ധിച്ച് ധാരണയില്ല പുതിയ ഇൻഷ്വറൻസ് പദ്ധതി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ അപേക്ഷകർ എത്തിയിരുന്നു. പദ്ധതി സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. ജില്ലാ ലോട്ടറി ഓഫീസർ