പൊന്നാനി: തീരസുരക്ഷയ്ക്കായി ജില്ലയിൽ കോസ്റ്റൽ പൊലീസ് വാർഡൻമാർ ചുമതലയേറ്റു. പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷനു കീഴിൽ 11 പേരാണ് പുതുതായി ചാർജ്ജെടുത്തത്.കടലോര മേഖലയുടെയും കടലിലെയും സുരക്ഷ മുൻനിറുത്തിയാണ് ഇവരെ നിയമിച്ചത്. .
കടലോര മേഖലയിലെ ബീറ്റ് ഓഫീസർമാരായും കടലിലെ സുരക്ഷയ്ക്കും രക്ഷാപ്രവർത്തനങ്ങൾക്കും കടലോരത്തെ വിവരങ്ങൾ യഥാസമയം അറിയാനും ദുരന്തമുഖങ്ങളിൽ പൊലീസിന് സഹായികളായും കോസ്റ്റൽ പൊലീസ് വാർഡൻമാർ പ്രവർത്തിക്കും.
മത്സ്യത്തൊഴിലാളികളോ മത്സ്യത്തൊഴിലാളികളുടെ മക്കളോ ആയവരെയാണ് നിയമിച്ചിട്ടുള്ളത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 177 പേരുടെ പാസിംഗ് ഔട്ട് പരേഡ് ജൂൺ 30ന് നടന്നിരുന്നു. ജില്ലയിലെ ഏക തീരദേശ പൊലീസ് സ്റ്റേഷനായ പൊന്നാനിയിലേക്ക് 17 പേരെയാണ് റിക്രൂട്ട് ചെയ്തത്.ഇതിൽ ആറു പേരെ ബേപ്പൂരിലേക്ക് മാറ്റി.. പുതുതായി ചാർജ്ജെടുത്തവരെ തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ.എം.കെ.ഷാജി, എസ്.ഐ.ശശീന്ദ്രൻ മേലയിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു
കോസ്റ്റൽ പൊലീസ് വാർഡൻമാരുടെ ഒഴിവിലേക്ക് പരിശീലന പരീക്ഷ പാസായ 177 പേർക്കാണ് നിയമനം കിട്ടിയത്.
നിലവിൽ താല്ക്കാലിക ജീവനക്കാരായാണ് ഇവരെ നിയമിച്ചതെങ്കിലും ഉടൻ തന്നെ സ്ഥിരം ജീവനക്കാരാക്കി മാറ്റാനാണ് സർക്കാർ തീരുമാനം.
കടലറിവുകൾ ഏറെയുള്ള കടലിന്റെ മക്കൾ കോസ്റ്റൽ പൊലീസിനൊപ്പം ചേരുന്നത് തീരസുരക്ഷയ്ക്ക് ഏറെ ഗുണകരമാവുമെന്ന തിരിച്ചറിവിലാണ് വിവിധ തീരദേശ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ കോസ്റ്റൽ പോലീസ് വാർഡൻമാരെ നിയമിച്ചത്