താനൂർ: പാളത്തിൽ വിള്ളൽ കണ്ടെത്തിയ നാട്ടുകാർ ചുവന്ന ഷർട്ടും തട്ടവും വീശി അപകടസൂചന നൽകിയതിനെത്തുടർന്ന് ട്രെയിൻ നിറുത്തിയതുകൊണ്ട് ദുരന്തം ഒഴിവായി. മംഗലാപുരം - ഷൊർണൂർ പാതയിൽ പരപ്പനങ്ങാടിക്കും താനൂരിനുമിടയ്ക്ക് ചിറയ്ക്കലിലാണ് കണ്ണൂർ - കോയമ്പത്തൂർ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിള്ളൽ കൂട്ടിയോജിപ്പിക്കുന്നതു വരെ ഈ റൂട്ടിൽ ഒരു മണിക്കൂറോളം ട്രെയിൻ നിറുത്തിവച്ചു.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ട്രാക്കിനു സമീപം പുല്ലരിയാനെത്തിയ രായിരിമംഗലം പഴൂർ വേലായുധൻകുട്ടി ട്രാക്കിൽ വിള്ളൽ കണ്ടത്. ഒരിഞ്ചോളം അകലത്തിലായിരുന്നു വിള്ളൽ. വേലായുധൻകുട്ടിയുടെ കൈവശം മൊബൈൽ ഇല്ലാതിരുന്നതിനാൽ അതുവഴി വന്ന കോന്നാത്ത് പ്രഭാകരനാണ് പാലക്കാട് ഡിവിഷൻ ഹെൽപ്പ് ലൈൻ നമ്പറായ 182-ൽ വിളിച്ച് വിവരമറിയിച്ചത്. ആദ്യം താനൂർ റെയിൽവേ സ്റ്റേഷനിലേക്കു വിളിച്ചെങ്കിലും ഫോണെടുത്തില്ല.
പരപ്പനങ്ങാടിയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടിട്ടുണ്ടെന്നും ചുവന്ന തുണി വീശി ഡ്രൈവർക്ക് അപകടസൂചന നൽകാനുമായിരുന്നു പാലക്കാട് ഡിവിഷനിൽ നിന്നുള്ള നിർദ്ദേശം. ഇവർ അറിയിച്ചതനുസരിച്ച്, നാട്ടുകാരനായ അയിനിക്കാട്ട് മഹ്സൂദ് താൻ ധരിച്ചിരുന്ന ചുവപ്പു ഷർട്ടും, സമീപത്തെ വീട്ടിൽ നിന്നെടുത്ത ചുവന്ന തട്ടവുമായി ഓടിയെത്തുമ്പോഴേക്കും ട്രെയിൻ വരുന്നുണ്ടായിരുന്നു. അപകട സൂചന കണ്ട് വേഗം കുറച്ച് ബ്രേക്കിട്ടെങ്കിലും വിള്ളലിനു മുകളിലൂടെ എൻജിനും മൂന്നു ബോഗികളും കടന്നാണ് ട്രെയിൻ നിന്നത്. കേടുപാട് തീർത്ത് ഒരു മണിക്കൂറിനു ശേഷം ട്രെയിൻ യാത്ര തുടർന്നു.