മലപ്പുറം: കരാറുകാരന് ബിൽ തുക നൽകാതെ വന്നതോടെ ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് നവീകരണം മുടങ്ങി. ഭൂരിഭാഗം പണികളും പൂർത്തിയായ കെട്ടിടമാണ് ഇതോടെ നോക്കുകുത്തിയായത്. ഒന്നരവർഷത്തിനകം പണി പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 2016ൽ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമിട്ടതെങ്കിലും
മൂന്നുവർഷം കഴിഞ്ഞിട്ടും പണി തീർന്നിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്ന 2.15 ഏക്കർ സ്ഥലത്താണ് 7.9 കോടി രൂപ ചിലവിൽ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്.
ആദ്യഘട്ടത്തിൽ കരാറുകാരന് 1.33 രൂപ നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ 1.19 കോടിയുടെ ബില്ലിൽ നിന്ന് 75 ലക്ഷമാണ് നൽകിയത്. ബാക്കി തുകയായ 44,02,589 രൂപയും മൂന്നാംഘട്ട തുകയായ 86,22,487 രൂപയും സാമ്പത്തിക പ്രതിസന്ധിമൂലം കരാറുകാരന് നൽകാനാവാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി. 52.05 ലക്ഷത്തിന്റെ നാലാമത്തെ ബിൽ ഓഡിറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. കരാറുകാരന് നൽകാനുള്ള ബാക്കി തുകയും പ്രവൃത്തി പൂർത്തിയാക്കാനുള്ള ഐ.എഫ്.എസ്.ഡി. തുക കിട്ടുകയും ചെയ്താൽ മാത്രമേ പണി പൂർത്തിയാക്കാൻ സാധിക്കൂവെന്നാണ് നിയമസഭയിൽ പി. ഉബൈദുള്ള എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്.
പുതിയ കെട്ടിടത്തിന്റെ നിർമാണം മുടങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും ഏറെ ദുരിതത്തിലാണ്. പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാന്റിൽ. യാത്രക്കാർക്കായി ബസ് നിർത്താൻ സ്ഥലമില്ല. പൊട്ടിപ്പൊളിഞ്ഞ സ്റ്റാന്റിൽ ബസിന്റെ അടിഭാഗം തട്ടുന്നത് പതിവായിട്ടുണ്ട്. സ്ത്രീകൾക്കായി വിശ്രമമുറി ഇവിടെയില്ല.
രാത്രികാലങ്ങളിൽ സ്ത്രീ യാത്രക്കാർ സുരക്ഷാഭീഷണിയും നേരിടുന്നുണ്ട്. നല്ലൊരു ടോയിലറ്റില്ലാത്തത് ദീർഘദൂര യാത്രക്കാർക്ക് വലിയ ദുരിതമാണേകുന്നത്.
ബസ് കാത്തിരിപ്പു കേന്ദ്രത്തോട് ചേർന്ന് കാലപ്പഴക്കം മൂലം പൊട്ടിപൊളിഞ്ഞ ടോയ്ലറ്റാണുള്ളത്. വെള്ളമില്ലാത്തതിനാൽ പലപ്പോഴും ഇതുപൂട്ടിയിടാറാണ് പതിവ്.
പതിനൊന്ന് നാല് നിലയായി
11 നിലകളിൽ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിക്കാനായിരുന്നു തുടക്കത്തിൽ പദ്ധതിയെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇത് നാലു നിലയായി. ഈ നാല് നിലകളിൽ കരുതൽ നിക്ഷേപം വാങ്ങി രണ്ടുനിലകൾ കൂടി നിർമിക്കാനാണ് പദ്ധതിയെങ്കിലും മുറികൾ രണ്ടുതവണ ലേലം ചെയ്തെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയില്ല. മുറികൾ ലേലം ചെയ്തു പോകുന്നത് തടയാൻ സംഘടിത നീക്കമുണ്ടായതായും ആരോപണമുയർന്നു. രണ്ട് തവണയും മുറികൾക്ക് കുറഞ്ഞ തുക ക്വാട്ട് ചെയ്തതോടെയാണ് ഈ നീക്കം കെ.എസ്.ആർ.ടി.സി അധികൃതർ കണ്ടെത്തിയത്. ഉയർന്ന തുകയ്ക്ക് മാത്രം ലേലം നടത്തിയാൽ മതിയെന്നാണ് തീരുമാനം. എന്നാൽ 2018 ഡിസംബർ 15ന് ശേഷം വീണ്ടും ലേലം നടത്താനുള്ള ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടില്ല.