hajj
ഹജ്ജ് ഹൗസിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന തീർത്ഥാടകരെ ബന്ധുക്കൾ യാത്രയാക്കുന്നു.

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ തീർത്ഥാടക സംഘം കരിപ്പൂരിൽ നിന്ന് ഇന്നലെ യാത്രയായി. ഉച്ചയ്ക്ക് 2.25ന് സൗദി എയർലൈൻസിൽ 300 തീർത്ഥാടകരാണ് പുറപ്പെട്ടത്. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. ഹജ്ജ് ഹൗസിലെ യാത്രഅയപ്പ് സംഗമത്തിനുശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസിലാണ് തീർത്ഥാടകരെ വിമാനത്താവളത്തിലെത്തിച്ചത്. ആദ്യവിമാനത്തിൽ 133 പുരുഷന്മാരും 167 സ്ത്രീകളുമുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തിലും 300 പേർ യാത്രയായി. 140 പുരുഷന്മാരും 160 സ്ത്രീകളും. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേർ പുറപ്പെടും. രാവിലെ 8.40, ഉച്ചയ്ക്ക് ഒരുമണി, വൈകിട്ട് 3 മണി എന്നിങ്ങനെയാണ് വിമാനം പുറപ്പെടുക.

മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി മദീനയിലേക്കാണ് ഇത്തവണ സർവീസ്. ഇന്നലെ പുറപ്പെട്ട രണ്ട് സംഘങ്ങളിലും കോഴിക്കോട് നിന്നുള്ളവരാണ് കൂടുതൽ, 305 പേർ. കണ്ണൂരിൽ നിന്ന് 139 പേരും മലപ്പുറത്ത് നിന്ന് 121പേരും. ഫ്ലാഗ് ഓഫ് ചടങ്ങിൽ എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, ജില്ലാ കളക്ടർ ജാഫർ മലിക്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.