നിലമ്പൂർ: നിലമ്പൂരിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്‌സ്പ്രസ് നാഗർകോവിൽ വരെ നീട്ടാനാവില്ലെന്ന് റെയിൽവെ. സ്വതന്ത്ര ട്രെയിനായി മാറിയ രാജ്യറാണി എക്‌സ്പ്രസ് നാഗർകോവിൽ വരെ നീട്ടണമെന്നാവശ്യപ്പെട്ട് മലയോരവികസന സമിതി സംസ്ഥാന പ്രസിഡന്റും എഫ്.സി.ഐ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായ സിബി വയലിൽ നൽകിയ നിവേദനത്തിന് മറുപടിയായാണ് ദക്ഷിണ റെയിൽവെ ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ മാനേജർ ശിവജി അങ്കുരു റെയിൽവെ നിലപാട് രേഖാമൂലം അറിയിച്ചത്. രാവിലെ ആറു മണിക്ക് കൊച്ചുവേളിയിലെത്തുന്ന ട്രെയിൻ അതേദിവസം രാത്രി 8.50തിനാണ് നിലമ്പൂരിലേക്ക് തിരിക്കുന്നത്. നാഗർകോവിൽ വരെ സർവീസ് നീട്ടിയാലും സമയക്രമം ബാധിക്കുകയില്ല.
രാജ്യറാണി നിലവിൽ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്നതിനാൽ തിരുവനന്തപുരത്തെത്താൻ ഓട്ടോയോ ടാക്‌സിയോ വിളിക്കേണ്ട അവസ്ഥയാണ്. കാൻസർ രോഗികളടക്കമുള്ള സാധാരണയാത്രക്കാർക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. രാജ്യറാണി നാഗർകോവിലിലേക്ക് നീട്ടിയാൽ തീരുവനന്തപുരം സെൻട്രൽ വരെ യാത്ര സാദ്ധ്യമാകും. മടക്കയാത്രയിൽ തിരുവനന്തപുരത്ത് നിന്നും കയറാനുമാവും. രാജ്യറാണി നാഗർകോവിൽ വരെ നീട്ടണമെന്നാവശ്യപ്പെട്ട് സിബി വയലിലിന്റെ നേതൃത്വത്തിൽ നിലമ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ജനകീയ ഒപ്പുശേഖരണം നടത്തിയിരുന്നു. റെയിൽവെയുടെ മറുപടി സാങ്കേതിക തടസവാദങ്ങൾ മാത്രം ഉയർത്തിയാണെന്നും ജനങ്ങളുടെ ദുരിതത്തിന് പ്രായോഗിക പരിഹാരംതേടി കേന്ദ്ര റെയിൽമന്ത്രി പിയൂഷ് ഗോയലിനെ നേരിൽക്കണ്ട് വിഷയം അവതരിപ്പിക്കുമെന്ന് സിബി വയലിൽ പറഞ്ഞു. പരിഹാരമുണ്ടായില്ലെങ്കിൽ ഡൽഹിയിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേയുടെ വാദങ്ങളിങ്ങനെ
തിരുവനന്തപുരം -നാഗർകോവിൽ പാത സിംഗിൾ ലൈനായതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നതിനാൽ രാജ്യറാണി നീട്ടുന്നത് പ്രായോഗികമല്ല.
16 കോച്ചുകൾ അനുവദിച്ച രാജ്യറാണിക്ക് പ്ലാറ്റ് ഫോമുകളുടെ നീളക്കുറവ് ചൂണ്ടിക്കാട്ടി കോച്ചുകളുടെ എണ്ണം 13 ആയി വെട്ടിച്ചുരുക്കിയത് പെട്ടെന്ന് പുനസ്ഥാപിക്കാനാവില്ല.
നിലമ്പൂർ ഷൊർണൂർ പാതയിലെ മിക്ക റെയിൽവെ സ്റ്റേഷനുകളിലും 13 കോച്ചുകൾ നിർത്താനുള്ള സൗകര്യമാത്രമാണുള്ളത്. പ്ലാറ്റ് ഫോമുകളുടെ നീളംകൂട്ടി കൂടുതൽ കോച്ചുകൾ നിർത്താനുള്ള സൗകര്യം ഒരുക്കുന്നതുവരെ 16 കോച്ചുകൾ അനുവദിക്കാൻ പ്രായോഗിക തടസമുണ്ട്.