തിരൂരങ്ങാടി: സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇന്നലെ രാത്രി ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 618 കേസുകളിലായി 3.54 ലക്ഷം രൂപ പിഴയീടാക്കി. നൈറ്റ്കോംബിങ്ങ് ഓപ്പറേഷൻ എന്ന പേരിലാണ് പരിശോധന നടത്തിയത്. വൈകിട്ട് 7 മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ 4 മണി വരെ നീണ്ടു. ജില്ലയിൽ വളാഞ്ചേരി, ചങ്ങരംകുളം, കുറ്റിപ്പുറം, കോട്ടക്കൽ, കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കക്കാട്, തലപ്പാറ, ഇടിമുഴിക്കൽ ഭാഗങ്ങളിലെ ദേശീയപാതകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. അമ്പതോളം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രതികൂല കാലാവസ്ഥയിലും ഉറക്കമൊഴിച്ച് പരിശോധനയ്ക്ക് നേതൃത്വം നൽകി. രാത്രികാലങ്ങളിലെ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മഴ തുടങ്ങുന്നതിന് മുമ്പ്തന്നെ ജില്ലയിൽ ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ ബോധവൽക്കരണ ക്ലാസ്സ് നടത്തിയിരുന്നു. അമിത ലൈറ്റുകളുടെ ഉപയോഗത്തിനെതിരെ 149 കേസുകളും ഓവർ ലോഡ് കയറ്റി മൂന്ന് വാഹനങ്ങൾക്കെതിരെയും കൂടാതെ വാഹനങ്ങളുടെ രൂപമാറ്റം ടാക്സ്, ഇൻഷുറൻസ് എന്നിവ അടക്കാത്ത വാഹനങ്ങൾക്കെതിരെയും ലൈസൻസില്ലാതെ വാഹനം ഓടിച്ചത്, അമിത വേഗത, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ തുടങ്ങിയ നിയമലംഘനങ്ങളിലാണ് കേസെടുത്ത് പിഴയീടാക്കിയത്. ജില്ലാ ആർ.ടി.ഒ അനൂപ് വർക്കിയുടെയും എൻഫോഴ്സ്മെന്റ് ജില്ലാ ആർ.ടി.ഒ. ടി.ജി ഗോഗുലിന്റെയും മേൽനോട്ടത്തിൽ ജോയിന്റ് ആർ.ടി.ഒമാരായ എം.പി അബ്ദുൽ സുബൈർ, ഷാജു എ ബക്കർ, സി.യു മുജീബ്, ഇ.മോഹൻദാസ്, വി.എ സഹദേവൻ, തോമസ് ജോർജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.