തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനും വിവിധങ്ങളായ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും യഥാസമയം ജനങ്ങളിലേക്കെത്തിക്കാനും ലക്ഷ്യമിട്ട് പി.അബ്ദുൽ ഹമീദ് എം.എൽ.എയുടെ പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി.
ജനത എന്ന പേരിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗ്ൾ പ്ലെസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. മണ്ഡലത്തിലെ വിവിധ മേഖലകളിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളെകുറിച്ചും ലഭ്യമാകുന്ന കോഴ്സുകൾ, പ്രധാന ആശുപത്രികൾ, ധനകാര്യ സ്ഥാപനങ്ങൾ, കൃഷി, വ്യവസായം, ഗതാഗതം, രാഷ്ടീയം, ചരിത്രം, വിവിധ പദ്ധതികൾ, വാർത്തകൾ,മണ്ഡലത്തിലെ പ്രധാന വികസനങ്ങൾ, വിവിധ വിഷയങ്ങളിലെ റിസോഴ്സ് അധ്യാപകരുടെ വിവരങ്ങൾ എന്നിവയെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഓപ്പറേഷൻ മാനേജർ ശ്യാമിന്റെ നേതൃത്വത്തിലാണ് ഐനോ മെട്രിക്സ് കമ്പനി ജനത ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഇനി നിങ്ങളും ഞാനും തമ്മിൽ ഒരു വിരൽപാട് അകലം മാത്രം എന്ന തലവാചകത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.