പൊന്നാനി: ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളിലൂടെ വരുന്നത് ചെളി നിറഞ്ഞ് കറുത്ത നിറമായ മലിനജലം. ഈഴുവത്തിരുത്തി ഐ.ടി.സിക്ക് സമീപത്തെ പൊതു ടാപ്പിലൂടെ ശനിയാഴ്ച മുതൽ ഒഴുകിയെത്തിയത് പൂർണ്ണമായും ചെളി നിറഞ്ഞ വെള്ളമായിരുന്നു. കാലടി നരിപ്പറമ്പിലെ പുഴയിൽ സ്ഥാപിച്ച കിണറുകളിൽ നിന്നാണ് പൊന്നാനി ഭാഗത്തേക്കാവശ്യമായ കുടിവെള്ളം പൊതുവിതരണ പൈപ്പ് വഴി വിതരണം ചെയ്യുന്നത്.
പ്രത്യേക ശുദ്ധീകരണ സംവിധാനങ്ങളില്ലാത്തതിനാൽ പുഴയിൽ നിന്നും, പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെയും, തൃക്കാവിലെയും ടാങ്കുകളിലേക്കും, കൂടാതെ പൈപ്പുകൾ വഴി നേരിട്ടുമാണ് കുടിവെള്ളം ഉപഭോക്താക്കൾക്ക് എത്തിച്ചിരുന്നത്.പല സമയങ്ങളിലും, ചെളി കലർന്ന വെള്ളമാണ് പൊതുവിതരണ പൈപ്പ് വഴി വിതരണം ചെയ്യാറുള്ളതെങ്കിലും, മാസങ്ങളായി മാരകമായ അണുക്കൾ ഉൾപ്പെടെയാണ് കുടിവെള്ളത്തിൽ കലർന്ന് പൈപ്പിലൂടെ എത്തിയിരുന്നത്. വെള്ളം കുടിച്ച നിരവധി പേർക്ക് മഞ്ഞപ്പിത്തം ഉൾപ്പെടെ പിടിപെടുകയും ചെയ്തിരുന്നു. വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞതാണ് ചെളിവെള്ളത്തിനിടയാക്കിയതെന്നായിരുന്നു അധികൃതരുടെ വാദം.എന്നാൽ മഴ പെയ്ത് ജലനിരപ്പുയർന്നിട്ടും, ചെളിവെള്ളം പൈപ്പുകൾ വഴി എത്തുന്നത് ശുദ്ധീകരണത്തിന്റെ പേരായ്മയാണെന്നാണ് നാട്ടുകാർ പറയുന്നത്.