മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഒരാൾക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊതുകുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. പരിസരത്തെ വീടുകളിൽ നിന്നും ശേഖരിച്ചതാണിത്. വെസ്റ്റ് നൈൽ ഫീവറിന് ഇടയാക്കുന്ന ക്യൂലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകളാണ് മലപ്പുറത്ത് നിന്നെത്തിയ ജില്ലാ വെക്ടർ കൺട്രോൾ അധികൃതർ ശേഖരിച്ചത്. ഇത് കോട്ടയത്തെ ലാബിലേക്കാണ് പരിശോധനക്ക് അയക്കുക .
കൂടാതെ പ്രദേശത്ത് മലിനമായ കുളങ്ങൾ അടിയന്തരമായി ശുചീകരിക്കാൻ ശനിയാഴ്ച ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. രോഗം പടർന്ന് പിടിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ബോധവല്‍ക്കരണ ക്ലാസും നൽകി. കുളങ്ങൾ ശുചീകരിക്കുന്നതിന് പുറമെ വീടുകളിൽ നിന്നുള്ള മലിന ജലം പൊതുതോടുകളിലേക്ക് ഒഴുക്കിവിടുന്നത് നിർത്തലാക്കാൻ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇവർക്ക് നോട്ടീസ് നൽകും.
അതേസമയം, ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. കൊതുകുകടി മൂലം പകരുന്ന ഈ രോഗം ജില്ലയിൽ മൂന്നാമതാണ്. ഇതിനുമുമ്പ് കോട്ടക്കൽ, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന ക്യൂലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകളാണ് അസുഖം പരത്തുന്നത്. മനുഷ്യരിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് പകരില്ല. പനി, സന്ധിവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. ശനിയാഴ്ച നടന്ന ബോധവല്‍ക്കരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന മുഹമ്മദലി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹംസ, ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിതാ ജയരാജൻ, മാറഞ്ചേരി സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ഇ. പ്രദീപ്, ജൂനിയർ ഹെൽത്ത്ഇൻസ്പെക്ടർ കെ പി രാജേഷ്, ഹിമ, ആശാ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.