എടക്കര: കാട്ടാന ശല്യത്തെ തുടർന്ന് മലയോര മേഖലയിലെ കർഷകർ കൃഷിയിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉൾവനത്തിൽ കൃഷിയിറക്കി നൂറുമേനി വിളവെടുക്കുകയാണ് ഇരുട്ടുകുത്തി ആദിവാസി കോളനിയിലെ 'ഗോപിയേട്ടൻ' എന്ന എഴുപതുകാരൻ. കാടിന്റെ ഉൾത്തുടിപ്പുകളും വന്യമൃഗങ്ങളുടെ ആവാസരീതികളും മനപാഠമാക്കിയുള്ള കൃഷിരീതിയാണ് ഗോപിയെ തുണയ്ക്കുന്നത്. ചാലിയാർ പുഴയോരത്ത് ഉൾവനത്തിലെ ഒരു ഏക്കറിലാണ് വിവിധയിനം കൃഷിരീതികൾ പരീക്ഷിക്കുന്നത്. വൻമരങ്ങളുടെ ചില്ലയൊതുക്കി നട്ടുപിടിപ്പിച്ച കുരുമുളകും ഇടവിളയായ ഇഞ്ചിയും മഞ്ഞളും തരക്കേടില്ലാത്ത വിളവ് നൽകി. ഇടതൂർന്ന വനത്തിൽ വെയിൽവെട്ടം കടന്നുവന്ന ഓരോ ഇഞ്ചും വെറുതെയിട്ടില്ല. ഇവിടങ്ങളിൽ പച്ചക്കറി കൃഷി പരീക്ഷിച്ചു. പയർ, പാവൽ, വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് എന്നിവ വിളവെടുത്തു. കാട്ടറിവും നാട്ടറിവും ഒത്തുചേർതോടെ ഔഷധസസ്യങ്ങളിലും പരീക്ഷണം നടത്തി.
കല്ലുവാഴ, ഓരില, മുകില, കറ്റാർവാഴ, പതിമുഖം, തുളസി, കറുവപ്പട്ട എന്നിങ്ങനെ നീളുന്നു. കാട്ടിലെ പച്ചിലകളും വേപ്പിൻപിണ്ണാക്കുമാണ് വളം. കീടബാധ ചെറുക്കാൻ പുകയിലക്കഷായവും. ആറ് വർഷം മുമ്പ് ഭാര്യ ചീര മരിച്ചു. മക്കളില്ല. തീർത്തും ഒറ്റപ്പെട്ട ജീവിതത്തിന് ആശ്വാസമേകിയത് കൃഷിയിടമാണ്. വനാതിർത്തി പിന്നിട്ട് നാട്ടിലെ കൃഷിയിടങ്ങൾ ഒന്നൊന്നായി കാട്ടാനകളും മറ്റും തകർക്കുക പതിവാണെങ്കിലും കൃഷിയിടത്തിൽ രാപകൽ ഭേദമില്ലാത്ത തന്റെ കാവലാണ് ഗോപിക്ക് തുണയാവുന്നത്. 2014ലെ കർഷക ദിനത്തിൽ പോത്തുകല്ല് പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായി ഗോപിയെ കൃഷിവകുപ്പ് ആദരിച്ചിട്ടുണ്ട്. മികച്ചയിനം വിത്തുകളും വളവും സാമ്പത്തിക സഹായവും നൽകാമെന്ന പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം നടപ്പാവാത്തതിൽ ഗോപിക്ക് പരിഭവമുണ്ട്. ചാലിയാർ പുഴയ്ക്ക് കുറുകെ കോളനിയിലേക്ക് ഒരുപാലം അതുമാത്രമാണ് ഗോപിയേട്ടന്റെ സ്വപ്നം. ഒരാൾക്ക് മാത്രം കഷ്ടിച്ച് നടക്കാനാവുന്ന പാലത്തിലൂടെ വേണം വനവിഭവങ്ങൾ, കൃഷിയുൽപ്പന്നങ്ങൾ തുടങ്ങിയവ കൊണ്ടുപോകാൻ.