ചങ്ങരംകുളം: സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട ബസ്സ് ഇലക്ട്രിക് പോസ്റ്റും ബൈക്കും തകർത്തു മണ്ണിൽ താഴ്ന്നു നിന്നു. ബസ്സിനടിയിൽ കുടുങ്ങിയ കാൽനട യാത്രക്കാരിയായ വിദ്യാർത്ഥിയെ ഗുരുതരമായ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാട്ടം സ്വദേശിയും പള്ളിക്കുന്ന് താമസക്കാരനായ കിഴിഞ്ഞാലിൽ റഷീദിന്റെ മകൾ ഷഹല(18)നാണ് ഗുരുതരമായി പരിക്കേറ്റത്. വീട്ടിലേക്ക് നടന്നു പോയിരുന്ന ഷഹല അപകടത്തിൽപെട്ട ബസ്സിനടിയിൽ കുടുങ്ങുകയായിരുന്നു.
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്തെ സെമി ഹമ്പിന് സമീപത്ത് ഞായറാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് തൃശ്ശൂർ പോയിരുന്ന സ്വകാര്യ ബസ്സ് ഹമ്പ് ചാടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ട ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് റോഡരികിൽ ചളിയിൽ താഴ്ന്ന് നിൽക്കുകയായിരുന്നു.
അപകടത്തിൽപെട്ട ബസ്സിനടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന ആശങ്ക പരിഭ്രാന്തി പരത്തി. ജെ.സി.ബി കൊണ്ടുവന്ന് ബസ്സ് പൊക്കി നോക്കിയാണ് ആശങ്ക അകറ്റിയത്. നാട്ടുകാരും ചങ്ങരംകുളം പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.