തിരൂരങ്ങാടി: പുതിയ കെട്ടിടം നിർമ്മിക്കാനായി പൊളിച്ചുനീക്കിയ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലെ കംഫർട്ട് സ്റ്റേഷന് പകരമായി നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള ആറ് മോഡുലാർ ലോയ്‌ലറ്റുകൾ ഉടൻ നിർമ്മിക്കും.
ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നീക്കി രണ്ടുവർഷമായിട്ടും സാങ്കേതിക കുരുക്ക് അഴിക്കാൻ നഗരസഭ അധികൃതർക്ക് കഴിയാതെ ഇതിനോട് ചേർന്നുണ്ടായിരുന്ന കംഫർട്ട് സ്റ്റേഷനും ഉപയോഗശൂന്യമായി. കംഫർട്ട് സ്റ്റേഷന്റെ പല ഭാഗങ്ങൾ പൊളിക്കുകയും ചെയ്തതോടെ പ്രാഥമികാവശ്യങ്ങൾക്ക് വഴിയില്ലാതെ യാത്രക്കാർ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. ഇതുസംബന്ധിച്ച് ജൂൺ 28ന് കേരളാകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് മോഡുലാർ ടോയ്‌ലറ്റുകൾ ഒരുക്കാൻ നഗരസഭ തീരുമാനിച്ചത്. പഴയ കംഫർട്ട് സ്റ്റേഷന്റെ ഭാഗത്ത് നാല് മോഡുലാർ ടോയ്‌ലെറ്റുകളാണ് നിർമ്മിക്കുക. രണ്ടെണ്ണം വീതം സ്ത്രീകൾക്കും പുരുഷന്മാർക്കുമെന്ന നിലയിലാണിത്. 3.60 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്. ശുചിത്വമിഷന്റെ ഫണ്ട് കൂടി ഇതിനായി പ്രയോജനപ്പെടുത്താനാണ് നഗരസഭയുടെ തീരുമാനം. കംഫർട്ട് സ്റ്റേഷൻ പൊളിച്ചതോടെ ഹോട്ടലുകളെയും ആശുപത്രികളെയുമാണ് നാട്ടുകാർ ആശ്രയിക്കുന്നത്.
തുകയുണ്ട്; പദ്ധതി കടലാസിൽ
മൂന്ന് പതിറ്റാണ്ടുമുമ്പ് തിരൂരങ്ങാടി പഞ്ചായത്ത് നിർമ്മിച്ച ബഹുനില കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കാനായാണ് 2017ൽ കെട്ടിടത്തിന്റെ പൊളിച്ചത്. അഞ്ച് കോടി രൂപ കെട്ടിടനിർമ്മാണത്തിനായി നഗരസഭ ബഡ്ജറ്റിൽ മാറ്റിവെച്ചിട്ടുണ്ട് സാങ്കേതിക കുരുക്കിൽപ്പെട്ട് പദ്ധതിയിപ്പോഴും കടലാസിലാണ്. ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ചെങ്കിലും കെട്ടിടാവശിഷ്ടങ്ങൾ റോഡിലും മറ്റും ചിതറിക്കിടന്നത് അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. റോഡിലെ കുഴിയടക്കാനും മറ്റും കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുപോവുന്നുണ്ടെങ്കിലും ഇനിയും ഏറെ ഇവിടെ നിന്ന് നീക്കാനുണ്ട്.
സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം തടസ്സപ്പെട്ടത്. യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഉടൻ മോഡുലാർ ടോയ്ലറ്റുകൾ നിർമ്മിക്കും.
കെ.ടി. റഹീദ, നഗരസഭ ചെയർപേഴ്സൺ