ksrtc
ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞ് കയറിയപ്പോൾ

മലപ്പുറം: ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് സ്വകാര്യ ബസിനു പിന്നിലിടിച്ച് അടുത്തുള്ള കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ബസിലെ 17 യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.20ന് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുള്ള പെർഫെക്ട് ബെഡ് ഹൗസ് എന്ന കടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. അപകടത്തിൽ ബസിലെ 17 യാത്രക്കാർക്ക് പരിക്കുപറ്റി. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ പ്രാഥമിക പരിശോധന നൽകി വിട്ടയച്ചു. നാലുപേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മക്കരപ്പറമ്പ് സ്വദേശിനി മാളത്ത് മറിയുമ്മ(55), എളങ്കൂർ സ്വദേശിനി ലക്ഷ്മി ദേവി(60), മേൽമുറി സ്വദേശിനി ഇന്ദിര കല്ലിടുമ്പിൽ(57), മുണ്ടുപറമ്പ് സ്വദേശിനി പ്രമീള(42) എന്നിവരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ കെ. ഹരീഷ് ചന്ദ്രൻ പറഞ്ഞു. ഇറക്കമുള്ള ഭാഗമായതിനാൽ നിയന്ത്രണം കിട്ടിയില്ല. മഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്നു ബസ്.
നിയന്ത്രണം വിട്ട ബസ് കടയ്ക്കു മുൻപിൽ നിർത്തിയിട്ട പിക്കപ്പ് വാൻ ഇടിച്ചാണ് കടയ്ക്കുള്ളിലേക്ക് കയറിയത്. പിക്കപ്പ് വാനിന്റെ മുൻവശം പൂർണ്ണമായും തകർന്നു. സമീപത്തുള്ള ട്യൂഷൻ സെന്ററുകളിലെ കുട്ടികൾ ക്ലാസ് വിട്ട് സ്‌കൂളുകളിലേക്ക് പോവുന്ന വഴിയാണിത്. സാധാരണ ഈ സമയത്ത് ധാരാളം കുട്ടികൾ ഇതുവഴി പോകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ സ്ഥാപനത്തിനു ഏകദേശം 15 ലക്ഷത്തിലധികം നഷ്ടമുണ്ടായതായി പെർഫെക്ട് ബെഡ് ഹൗസ് മാനേജർ ജംഷീർ അലി പറഞ്ഞു. ഷട്ടർ, മുൻവശത്തെ ഗ്ലാസുകൾ, പിക്കപ്പ് വാൻ, കിടക്കകൾ, ബോർഡുകൾ എന്നിവ പൂർണമായി തകർന്നു.