മലപ്പുറം : വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സർക്കാരിന്റെ നടപടി ജനങ്ങളെ ഷോക്കടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ള കുടിശിക പിരിക്കാതെയാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. വൈദ്യുതി വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി. സംസ്ഥാന സർക്കാർ പലവിധത്തിൽ അധിക നികുതി പിരിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്.
കാരുണ്യ പദ്ധതി അട്ടിമറിച്ചു. പകരമുള്ള ആയുഷ്മാൻ പദ്ധതി ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് സർക്കാർ കൈയിട്ട് വാരുകയാണ്. പ്രളയ ഫണ്ട് പോലും സർക്കാർ വകമാറ്റുന്നെന്നും ചെന്നിത്തല ആരോപിച്ചു.