എടക്കര: അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിലെ നിർമാണ പ്രവൃത്തികൾ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും പൊതുമരാമത്തു റോഡ്‌സ് വിഭാഗം മേധാവികളും രംഗത്ത്. എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ഗീത, അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ അബ്ദുൽ അസീസ്, ഓവർസിയർ ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ചുരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനെത്തിയത്. കനത്ത മഴയിൽ കഴിഞ്ഞ ദിവസം തകർന്ന സംരക്ഷണഭിത്തിയുടെ നിർമാണം കാര്യക്ഷമമാക്കാനാണ് പൊതുമരാമത്ത് വകുപ്പധികൃതരുടെ ഇടപെടൽ. തമിഴ്‌നാട് ,കർണാടക ആന്ധ്ര തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്താൻ ഏറ്റവും എളുപ്പമുള്ള യാത്രാമാർഗമായി കാണുന്നത് നാടുകാണി ചുരം പാതയാണ്. നാടുകാണി പരപ്പനങ്ങാടി പാതയുടെ നിർമാണം ആദ്യമായി ആരംഭിച്ചതും ചുരത്തിലാണെന്നത് ശ്രദ്ധേയമാണ്.നിലവിൽ 8 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡിനിപ്പോൾ 15 മീറ്റർ വീതിയാണുള്ളത്. ചുരത്തിന്റെ താഴെ ഭാഗം 4 മീറ്റർ വരെ ഉയരത്തിൽ കെട്ടി പൊക്കിയാണ് വീതി കട്ടിയത്. ഇത്രയും ഭാഗം മണ്ണിട്ട് നികത്തിയാണ് റോഡിന്റെ വീതി കൂട്ടിയത്.ഈ മണ്ണ് കുതിർന്നിറങ്ങിയതാണ് ഭിത്തിയും റോഡും തകരാൻ കാരണമായതെന്ന് പൊതുമരാമത്തധികൃതരും വിലയിരുത്തി. നേരത്തെ കരാറുകാരായ ഊരാളുങ്കൽ ലേബർ സൊെൈസെറ്റിയും ഇതേ നിഗമനത്തിലാണെത്തിയത്. പതിനഞ്ച് മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി മാനേജ്‌മെന്റ് അറിയിച്ചു. ജാറത്തിന് സമീപമുള്ള വളവുമുതൽ 20മീറ്റർ നീളത്തിലായി എട്ടിടങ്ങളിൽ റോഡിൽ വിള്ളലുണ്ടെങ്കിലും അപായ ഭീഷണി ഇല്ലെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.