തേഞ്ഞിപ്പലം: ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ചെള്ള് പനിയും വിട്ടൊഴിഞ്ഞപ്പോഴേക്കും എച്ച്.1എൻ1ന്റെ പിടിയിൽ ചേലേമ്പ്ര. പുല്ലിപ്പറമ്പിലാണ് സ്ത്രീക്ക് എച്ച്‌വൺ എൻവൺ പനി പിടിപ്പെട്ടത്. പകർച്ചവ്യാധികൾ വിട്ടൊഴിയാത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കൂടുതൽ ശ്രദ്ധ മേഖലയിലേക്ക് വേണമെന്നും ചേലേമ്പ്രയിലെ ആരോഗ്യനിലവാരവും സാമൂഹ്യാന്തരീക്ഷവും പഠനത്തിന് വിധേയമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തോളമായി ചേലേമ്പ്രയിൻ പകർച്ചവ്യാധി രോഗങ്ങളുടെ ഭീതിയിലാണ്. ദിവസങ്ങൾക്ക് മുമ്പാണ് പുല്ലിപ്പറമ്പ് സ്വദേശിയായ സ്ത്രീയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇവിടെ നിന്നാണ് എച്ച്.വൺ എൻ വൺ പനിയാണെന്ന് സ്ഥിരീകരിച്ചത്.
അടുത്തിടെ ചേലേമ്പ്ര പുല്ലിപ്പറമ്പിൽ നിരവധി പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. രണ്ട് വർഷം മുമ്പ് ചേലേമ്പ്രയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിയുമുൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തിയിരുന്നു. ഡെങ്കിപ്പനി ബാധിച്ച് മരണവുമുണ്ടായി. ഒരു മാസം മുമ്പ് ചെള്ള് പനി ബാധിച്ച് സ്ത്രീയും മരിച്ചിരുന്നു. പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ചേലേമ്പ്രയിലെത്തി.