പൊന്നാനി: പൊന്നാനി അഴിമുഖത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടൽ തൂക്കുപാലത്തിന്റെ കൺസൾട്ടൻസി ടെണ്ടർ എൽ ആന്റ് ടി ഇൻഫ്രാസ്ട്രക്ചർ എഞ്ചിനിയറിംഗ് ലിമിറ്റഡിന്. ടെണ്ടറിൽ പങ്കെടുത്ത അഞ്ച് കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നത് എൽ ആന്റ് ടിയാണ്. കരാർ നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ അടുത്ത യോഗത്തിലുണ്ടാകും. കടൽ പാലത്തിന്റെ സാധ്യത പഠനം, ഡി.പി.ആർ തയ്യാറാക്കൽ എന്നിവയാണ് കൺസൾട്ടൻസിയായി തിരഞ്ഞെടുക്കുന്ന കമ്പനിയുടെ ചുമതല. അഞ്ച് മാസം കൊണ്ട് പഠനം പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കി നൽകണം
അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ലൂയിസ് ബെഗർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കൺസൾട്ടൻസിയായ എസ്.ടി.യു.പി കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ടി.പി.എഫ് എഞ്ചിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പെക്ട്രം ടെക്‌നോ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെണ്ടറിൽ പങ്കെടുത്ത മറ്റു കമ്പനികൾ. കൂടുതൽ കമ്പനികൾ അപേക്ഷ നൽകിയിരുന്നെങ്കിലും അഞ്ച് കമ്പനികളാണ് അർഹത നേടിയത്. എൽ ആന്റ് ടി 2.03 കോടി രൂപയും, എസ്.ടി.യു.പി 2.51 കോടിയും, സ്‌പെക്ട്രം 3.39 കോടിയും, ലൂയിസ് ബർഗർ 4.9 കോടിയും, ടി.ഡി.എഫ് 8.2 കോടിയുമാണ് ടെണ്ടറിൽ രേഖപ്പെടുത്തായിരിക്കുന്നത്. ടെണ്ടറിലെ ഫിനാഷ്യൽ ബിഡ് നേരത്തെ തുറന്നിരുന്നു.
കടൽ പാലത്തിന്റെ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 236 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതിക്ക് നേരത്തെ സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിരുന്നു. ആർ.ബി.ഡി.സി.കെ തയ്യാറാക്കിയ റിവൈസ്ഡ് പ്രൊപ്പോസലിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ മുപ്പത് മുതൽ അമ്പത് വർഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണ് കൺസൾട്ടൻസിയാകുന്നതിനുള്ള ടെണ്ടറിൽ പങ്കെടുത്തത്. കൊൽക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാണ് പൊന്നാനിയിലെ കടൽ പാലം ഉദ്ദേശിക്കുന്നത്. രാജ്യത്ത് കൊൽക്കത്തയിലും മുംബൈയിലുമാണ് പ്രധാന കാൽ പാലങ്ങളുള്ളത്. റോഡ്, ജലഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
കൺസൽട്ടൻസി കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി.പി.ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബൽ ടെണ്ടർ വിളിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ കമ്പനിയെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിലുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതുവരെ നടന്നിരുന്നത്. പെരുമാറ്റ ചട്ടത്തിന്റെ തടസ്സങ്ങൾ നിലനിന്നതാണ് കൺസൾട്ടൻസി കരാർ ഒപ്പുവെക്കുന്നത് വൈകിച്ചത്. 1,400 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന തീരദേശപാതക്ക് ഗുണകരമാകുന്ന രീതിയിലായിരിക്കും കടൽ പാലത്തിന്റെ രൂപരേഖ തയാറാക്കുക. അഴിമുഖത്തിന് കുറുകെയായതിനാൽ വലിയ ബോട്ടുകൾക്കും ചെറിയ കപ്പലുകൾക്കും കടന്നുപോകാവുന്ന തരത്തിൽ സസ്‌പെൻഷൻ സംവിധാനത്തോടെയായിരിക്കും പാലം വിഭാവനം ചെയ്യുക.
തീരദേശ ഹൈവെയുടെ ഭാഗമാക്കി കടൽ പാലത്തെ മാറ്റും. തീരദേശ പാതയുടെ കണക്ടിവിറ്റിക്ക് അഴിമുഖത്ത് പാലം അനിവാര്യമാണ്. കടൽപാലത്തെ ടൂറിസം സാധ്യതകളിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ സാധ്യതകൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡി.പി.ആർ തയ്യാറാക്കുക. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ കൺസൾട്ടൻസിയെ കണ്ടെത്തി കരാർ ഒപ്പുവെക്കുന്നത് അടുത്ത മാസമുണ്ടാകും. 236 കോടി രൂപ അടങ്കൽ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ട്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേന നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സർക്കാറിന് മുന്നിൽ സമർപ്പിച്ച പദ്ധതിക്ക് ആദ്യ ബജറ്റിൽ തന്നെ അംഗീകാരം ലഭിച്ചിരുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. പൊന്നാനിയിലെ കടൽ പാലത്തിന്റെ കാര്യത്തിൽ സർക്കാർ പിന്നോട്ടല്ലെന്നാണ് നടപടിക്രമങ്ങൾ വ്യക്തമാക്കുന്നത്.