മലപ്പുറം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഈമാസം അവസാനത്തോടെ പുതിയ മെമ്പർമാരെത്തും. ഇതോടെ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ തുടർനടപടികൾ വേഗത്തിലായേക്കും. ആറ് മാസമായി മെമ്പർമാരുടെ കസേര ഒഴിഞ്ഞ് കിടന്നതോടെ ഉപഭോക്തൃ ഫോറത്തിന്റെ പ്രവർത്തനം മുടങ്ങിയിരുന്നു. പുതിയ മെമ്പർമാർക്കുള്ള ഇന്റർവ്യൂ പൂർത്തിയായിട്ടുണ്ട്. ധനം, നിയമം, കൊമേഴ്സ്, അക്കൗണ്ടൻസി, വ്യവസായം, പൊതുകാര്യങ്ങൾ, ഭരണ നിർവഹണം എന്നീ വിഷയങ്ങളിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമാണ് മെമ്പർമാർക്ക് വേണ്ടത്. വൈകാതെ നിയമനം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ ഫോറം പ്രസിഡന്റും രണ്ട് മെമ്പർമാരുമടക്കം മൂന്ന് പേരാണ് മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഉപഭോക്തൃ ഫോറത്തിലുള്ളത്. രണ്ട് മെമ്പർമാരുടെ കാലാവധി ഡിസംബറിൽ കഴിഞ്ഞെങ്കിലും പകരം നിയമനം നീണ്ടുപോയി. പ്രസിഡന്റും ഒരു മെമ്പറുമുണ്ടെങ്കിലേ സിറ്റിംഗ് നടത്തി വിധി പറയാനാവൂ. ക്വാറം തികയാതെയുള്ള വിധിക്ക് നിയമസാധുതയുണ്ടാവില്ല. നിലവിൽ 450 കേസുകൾ തീർപ്പാക്കാനുണ്ട്. വിധി പറയാൻ മാറ്റിവച്ച കേസുകളും ഇക്കൂട്ടത്തിലുണ്ട്. ജനുവരി മുതൽ സ്വീകരിച്ച പുതിയ പരാതികളിലും യാതൊരു തുടർനടപടികളുമുണ്ടായിട്ടില്ല. മൂന്ന് മാസത്തിനകം പരാതിയിൽ തീർപ്പുണ്ടാക്കണമെന്നാണ് നിയമം. വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നിരിക്കെയാണ് മെമ്പർമാരുടെ കുറവുമൂലം ഉപഭോക്തൃ ഫോറത്തിന്റെ പ്രവർത്തനം നിശ്ചലമായത്. പരാതിക്കാർ നേരിട്ടും അഭിഭാഷകർ മുഖേനയും നൽകുന്ന പരാതികളിൽ നമ്പറിട്ട് വയ്ക്കുന്ന ജോലിയാണിപ്പോൾ നടക്കുന്നത്.
നിയമം
ഉപഭോക്താവിനൊപ്പം
സാധനങ്ങളിലോ സേവനങ്ങളിലോ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമം. കച്ചവട സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, സേവനദാതാക്കൾ, ഇൻഷ്വറൻസ് തുടങ്ങിയവയിൽ നിന്നും അർഹതപ്പെട്ട സേവനങ്ങൾ ലഭ്യമാവാതിരിക്കുകയോ കഷ്ടനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്ത കേസുകളാണ് ഉപഭോക്തൃ ഫോറത്തിന് മുന്നിലെത്തുന്നത്. 20 ലക്ഷം രൂപ കവിയാത്ത പരാതികൾ ജില്ലാ ഉപഭോക്തൃ കോടതിയിൽ സമർപ്പിക്കാം. ഒരുകോടി വരെയുള്ളവ സംസ്ഥാന കമ്മിഷനിലും ഇതിന് മുകളിൽ ദേശീയ കമ്മിഷനിലുമാണ് പരാതി നൽകേണ്ടത്.
അവകാശം സംരക്ഷിക്കേണ്ടതിങ്ങനെ
പരാതിയും എതിർകക്ഷിയെ സംബന്ധിച്ച വിവരങ്ങളും വെള്ളക്കടലാസിൽ എഴുതി നൽകാം.
ഉത്പന്നം വാങ്ങിയതിന്റെ വിശദവിവരങ്ങളും രേഖപ്പെടുത്തണം. സേവനത്തിന്റെ ന്യൂനതയാണെങ്കിൽ അക്കാര്യം വ്യക്തമാക്കണം.
പരാതിയോടൊപ്പം നിശ്ചിത ഫീസും നൽകണം. ഒരുലക്ഷം രൂപ വരെയുള്ള പരാതികൾക്ക് 100 രൂപയും 5 ലക്ഷം വരെ 200 രൂപയും 10 ലക്ഷം വരെ 400 രൂപയും 20 ലക്ഷം വരെ 500 രൂപയും ഫീസ് നൽകണം.
തർക്ക വിചാരണയ്ക്കായി തീയതി നിശ്ചയിച്ച് ഇരുവിഭാഗത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിക്കും.
അഭിഭാഷകനില്ലാതെ നേരിട്ട് ഉപഭോക്താവിന് കേസ് നടത്താം.
ജില്ലാ ഫോറം വിധിക്കെതിരെ സംസ്ഥാന കമ്മിഷനിൽ വിധി വന്ന് 30 ദിവസത്തിനകം അപ്പീൽ നൽകാം.