മലപ്പുറം: ഇതരസംസ്ഥാനങ്ങളിൽ നിന്നും രോഗം ബാധിച്ച കന്നുകാലികളെ ജില്ലാ അതിർത്തിയിലെ ഊടുവഴികളിലൂടെ കടത്തുമ്പോഴും നടപടിയെടുക്കാതെ മൃഗസംരക്ഷണ വകുപ്പ്. കുളമ്പുരോഗം ബാധിച്ച കന്നുകാലികളടക്കം ഇക്കൂട്ടത്തിലുള്ളതിനാൽ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിനുകൾക്കിടയിലും ജില്ലയിൽ രോഗവ്യാപനം തടയാനാവുന്നില്ല. രോഗം ബാധിച്ച കന്നുകാലികളെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതാണ് മൊത്തക്കച്ചവടക്കാരെ ആകർഷിക്കുന്നത്. അനധികൃത കശാപ്പുശാലകളിലേക്കാണ് ഇത്തരം കന്നുകാലികൾ കൂടുതലായി എത്തുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കന്നുകാലികളെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പാക്കിയേ കടത്തിവിടാവൂ എന്നാണ് വ്യവസ്ഥ. വഴിക്കടവ് ചെക്പോസ്റ്റിൽ കന്നുകാലികളെ പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ എന്നിവരെ നിയമിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം മൃഗഡോക്ടറില്ല. വഴിക്കടവ് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർക്ക് അധിക ചുമതലയേകിയാണ് മുന്നോട്ടുപോവുന്നത്. അസുഖങ്ങളില്ലെന്ന് ഉറപ്പാക്കേണ്ട പരിശോധനയിൽ ഡോക്ടറുടെ സാന്നിദ്ധ്യം മിക്കപ്പോഴും ലഭ്യമാവാറില്ല. സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും സർക്കാർ തലത്തിൽ നടപടികളായിട്ടില്ല. ചെക് പോസ്റ്റിലെ പരിശോധന മറികടക്കാനാണ് നാടുകാണി ചുരത്തോട് ചേർന്ന ഊടുവഴികളിലൂടെയും വനത്തിലൂടെ നടത്തിച്ചും കന്നുകാലികളെ കടത്തുന്നത്. അതിർത്തി കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സംഘങ്ങളും പ്രവർത്തിക്കുന്നു. നേരത്തെ ഇറച്ചിക്കോഴി നികുതി വെട്ടിക്കാൻ ഉപയോഗിച്ച ഊടുവഴികളെയാണ് കാലിക്കടത്തിനും ആശ്രയിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ഒരുമാസം വഴിക്കടവ് ചെക്പോസ്റ്റിലൂടെ ശരാശരി 1,300 കന്നുകാലികൾ ജില്ലയിലെത്തുന്നുണ്ട്. 300ഓളം ആടുകൾ ഇതിന് പുറമെയാണ്. അതേസമയം അനധികൃതമായി കടത്തുന്നവയുടെ എണ്ണം ഇതിനേക്കാൾ കൂടുമെന്നാണ് വിവരം. ചന്തകളിൽ പരിശോധനയില്ല ജില്ലയിലെ കാലിച്ചന്തകളിലൊന്നും കന്നുകാലികളുടെ ആരോഗ്യം സംബന്ധിച്ച കാര്യമായ പരിശോധനയില്ല. പ്രധാന ചന്തയായ എടക്കരയിൽ എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന നിർദ്ദേശം മൃഗസംരക്ഷണ വകുപ്പ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് സ്ഥിരം സംവിധാനം വരുന്നതോടെ രോഗം ബാധിച്ച കന്നുകാലികളുടെ വിൽപ്പന തടയാനാവുമെന്നാണ് പ്രതീക്ഷ. രോഗം ബാധിച്ച കന്നുകാലികളെ ജില്ലയിലേക്ക് കടത്തുന്നുണ്ട്. ഊടുവഴികളിലൂടെ ആണെന്നതിനാൽ ഇതു തടയാനാവുന്നില്ല. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഒരുമാസം എത്തുന്നത് 1300 കന്നുകാലികൾ 300 ആടുകൾ വഴിക്കടവ് ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കുള്ളത് 3 ജീവനക്കാർ മാത്രം.