jjj
.

മലപ്പുറം: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ഈമാസം 17 മുതൽ ജില്ലയിൽ തുടക്കമാവും. 21 പ്രവൃത്തിദിനങ്ങളിലായി 80,​547 പശു,​ 19,​855 എരുമ,​ 969 - പന്നി എന്നിവയ്ക്ക് കുത്തിവയ്പ്പേകും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നുരാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കും. മൃഗസംരക്ഷണ വകുപ്പിലെ 128 സ്ക്വാഡുകൾ വഴി കർഷകരുടെ വീടുകൾ സന്ദർശിച്ചും ക്യാമ്പുകളിലൂടെയും ഉരുക്കളെ കുത്തിവയ്പ്പിന് വിധേയമാക്കും. ആവശ്യമായ മരുന്നുകളും വാക്സിനും സാധനസാമഗ്രികളും മൃഗാശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. ഉരുവൊന്നിന് പത്ത് രൂപ നിരക്കിൽ ഈടാക്കും. ഇരട്ടക്കുളമ്പുള്ള എല്ലാ മൃഗങ്ങളെയും കുളമ്പ് രോഗം ബാധിക്കാം. വായു,​ വെള്ളം,​ ഭക്ഷണപാത്രങ്ങൾ,​ സ്പർശനം,​ മൃഗങ്ങളുമായി പോവുന്ന വാഹനങ്ങൾ തുടങ്ങിയവയിലൂടെ രോഗം വ്യാപിക്കും. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഉരുക്കൾക്ക് 85 ശതമാനം രോഗപ്രതിരോധം കൈവരിക്കാനാവും. ഗർഭാവസ്ഥയിലുള്ള പശുക്കൾക്കും കുത്തിവയ്പ്പേകാം. നിലവിൽ രോഗമുള്ളവയെയും മൂന്നുമാസത്തിൽ താഴെ പ്രായമുള്ളവയെയും കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കും. ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. അയ്യൂബ്,​ ജില്ലാ കോർഡിനേറ്റർ ഡോ. ബോബി ജോസഫ്,​ ഡോ. ഹാറൂൺ അബ്ദുൾ റഷീദ്,​ ഡോ.ബി. ബിജു,​ ഡോ. ഷംന എന്നിവർ പങ്കെടുത്തു.