cccc
.

നിലമ്പൂർ: ചരിത്രത്തിലാദ്യമായി ഒറ്റ ദിവസം കൊണ്ട് 72,070 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് നിലമ്പൂർ ആഢ്യൻപാറ ജല വൈദ്യുത പദ്ധതി. ജൂലൈ ഒമ്പതിലെ കണക്കാണിത്. പ്രളയം വരുത്തി വച്ച വിനാശങ്ങളെല്ലാം മറികടന്നാണ് ഈ ചരിത്രനേട്ടം. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം കൂടുതൽ യൂണിറ്റ് വൈദ്യുതി ഉത്പാദനം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഏപ്രിൽ ഒന്നു മുതൽ ജൂൺ എട്ടുവരെ 1.28 ലക്ഷം മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ആഗസ്റ്റ് ആയപ്പോഴേക്കും പ്രളയം മൂലം പദ്ധതിയുടെ പ്രവർത്തനം താറുമാറായി. പെൻസ്റ്റോക് പൈപ്പിനു മുൻവശത്ത് മണ്ണിടിഞ്ഞ് പ്രവർത്തനം പൂർണ്ണമായും നിറുത്തിവയ്ക്കേണ്ടി വന്നു. ഡിസംബർ 19, 2019 ജൂൺ 10, ജനുവരി 17 എന്നീ ദിവസങ്ങളിലായാണ് ഓരോ മെഷീനുകളുടെ പ്രവർത്തനം പുനരാരംഭിച്ചത്. തുടർന്ന് ഡിസംബർ മുതൽ മാർച്ച് വരെ 1,02,880 യൂണിറ്റ് വൈദ്യുതിയാണ് ആകെ ഉത്പാദിപ്പിച്ചത്.ഏപ്രിൽ മുതൽ ജൂലൈ ഒമ്പതു വരെ 9.32 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിച്ചു. പ്രളയത്തിൽ കനത്ത നാശം നേരിട്ടിട്ടും പുനർ നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായതിനാലാണ് ഇത്രയും യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ചരിത്രത്തിൽ ഇടംനേടാനായത്. 2015 സെപ്തംബർ മൂന്നിന് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയിൽ ആദ്യമായാണ് ഇത്രയും യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. മൂന്ന് യൂണിറ്റുകളിൽ നിന്നായി 3.5 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പദ്ധതിയാണ് ആഢ്യൻപാറയിലേത്. രണ്ട് 1.5 മെഗാവാട്ടിന്റെയും ഒരു 0.5 മെഗാവാട്ടിന്റെയും ടർബൈനുകൾ ഉപയോഗിച്ചാണ് ഇവിടെ ഉത്പാദനം. പ്രതിവർഷം 9.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ചെറുകിട ജല വൈദ്യുതി പദ്ധതിയാണിത്. 10.35 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രളയത്തിനുശേഷം ആകെ ഉദ്പാദിപ്പിക്കാനായത്.