പെരിന്തൽമണ്ണ: സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി വഴി മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ നൽകിയത് 32 കോടി രൂപയുടെ പലിശയിളവ്. 2018 ഡിസംബർ മുതൽ മാർച്ച് 30 വരെയായിരുന്നു പദ്ധതി കാലാവധി. സഹകരണ ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കാനാണ് പദ്ധതി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ 129 പ്രാഥമിക സഹകരണ ബാങ്കുകളും ആറ് അർബൻ ബാങ്കുകളുമാണ് പ്രധാനമായും പലിശയിളവ് അനുവദിച്ചത്. ഇതര സംഘങ്ങളും പലിശയിളവ് നൽകി. 31.74 കോടി രൂപ പലിശയിളവായി അനുവദിച്ചപ്പോൾ 42049 പേർക്ക് ആനുകൂല്യം ലഭ്യമായി. ഇതിൽ 10.31കോടി രൂപയുടെ ഇളവ് കാർഷികവായ്പകൾക്കും 21.43 കോടിയുടേത് കാർഷികേതര വായ്പകൾക്കുമാണ്. 1622 കർഷകർക്ക് ആനുകൂല്യം ലഭിച്ചു.
മാരകരോഗങ്ങൾ ബാധിച്ചവർ, ഇവരുടെ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ വാങ്ങിയ വായ്പ ബാദ്ധ്യതയായ മക്കൾ, വായ്പ കൃത്യമായി തിരിച്ചടച്ചവർ തുടങ്ങിയവർക്കാണ് ഇളവനുവദിച്ചത്. കിട്ടാക്കടമായി കിടന്ന 264.66 കോടി രൂപ ഇതുവഴി തിരിച്ചെത്തിക്കാനായി.
പദ്ധതി വഴി പെരിന്തൽമണ്ണ താലൂക്കിലെ സഹകരണ ബാങ്കുകൾ നാല് കോടി രൂപ ഇളവ് അനുവദിച്ചു. മക്കരപ്പറമ്പ് സർവ്വീസ് ബാങ്ക് 76 ലക്ഷവും പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് 39 ലക്ഷവും കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് 38 ലക്ഷവും പട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് 33 ലക്ഷവും പലിശയിളവായി അനുവദിച്ചു. ഏഴായിരത്തിലധികം പേർക്ക് ആനുകൂല്യം ലഭിച്ചു
വി. ഗോവിന്ദൻകുട്ടി
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ