എടക്കര: നാടുകാണി ചുരത്തിൽ വച്ച് ബ്രേക്ക് പോയി നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ചരക്കുലോറിയിലിടിപ്പിച്ച് നിറുത്തി. ഒരു കുടുംബത്തിലെ ഒമ്പതുപേരടക്കം 21 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചുള്ളിയോട് സ്വദേശി മങ്കടയിൽ ഫാത്തിമയെ (62) മഞ്ചേരി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും വഴിക്കടവ് രാജീവ് ക്ലിനിക്കിലും പ്രവേശിപ്പിച്ചു. ഫാത്തിമയൊഴിച്ചുള്ളവരുടെ നില ഗുരുതരമല്ല.
ഇന്നലെ രാവിലെ 10.30നാണ് ചുരത്തിൽ കല്ലള ചോലയ്ക്ക് സമീപം അപകടമുണ്ടായത്. ഇവിടെ നിന്നും 100 മീറ്റർ അകലെ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടതായി ബസിലെ കണ്ടക്ടർ പറഞ്ഞു. എന്നാൽ വിവരം മറ്റാരെയും അറിയിക്കാതെയും മനസ്സാന്നിദ്ധ്യം കൈവിടാതെയും ഡ്രൈവർ നിറുത്തിയിട്ട ചരക്കുലോറിയിയുടെ പിന്നിൽ വണ്ടി ഇടിപ്പിച്ചു നിറുത്തി.ഇതോടെ വൻദുരന്തം ഒഴിവായി.
കൽപ്പറ്റയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു ബസ്.
പുൽപ്പള്ളി സ്വദേശികളായ കണ്ണംകോട്ടിൽ കുടുംബത്തിലെ നാരായണൻ നായർ (70), ഭാര്യ സവിത്രി (65) മക്കളായ സുരേഷ് (40), സുധീഷ് (35), ഇവരുടെ ഭാര്യമാരായ ശ്രീജ (35), ഷിംന (29) സുരേഷിന്റെ മക്കളായ അക്ഷയ (9) അഭിഷേക് (13) ആയുഷ് (7), പന്തല്ലൂർ വെളളിലാംകുന്ന് സുലൈഖ (30) തൃശൂർ വടക്കേക്കര മുകേഷ് (30) നിലമ്പൂർ സ്വദേശി അമൃത( 17), ഭവ്യ ശ്രീ (17), തിരുവാലി അക്ഷയ (17), വണ്ടൂർ പ്രജിഷ (17), അമ്പലവയൽ സുരേഷ് (30), ഞാറക്കുളങ്ങര പുൽപ്പള്ളി ബിജു (33), സുൽത്താൻ ബത്തേരി സ്വദേശി കാവുങ്ങൽ സുബൈദ (50), പന്തല്ലൂർ പാലടി യൂസഫ് (37), ചുങ്കത്തറ മണലി സ്വദേശി കരിമ്പിൻ തറയൻ അനിയൻ (65), പന്തല്ലൂർ വട്ടം കണ്ടത്തിൽ ഏലിയാസ് (55) എന്നിവരാണ് നിലമ്പൂരിലും വഴിക്കടവിലുമായി ചികിത്സയിലുള്ളത്.