bhh
.

മഞ്ചേരി: അംഗബലക്കുറവ് നേരിടുന്ന മഞ്ചേരി അഗ്നിരക്ഷാ സേനയ്ക്കു കൈമുതൽ മനോബലം മാത്രം. മിനി സ്‌റ്റേഷനെ പ്രധാന സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. അവഗണനയ്ക്കിടയിൽ അപകടമുണ്ടാകുന്നിടത്ത് കുതിച്ചെത്താൻ പാടുപെടുകയാണ് ഉദ്യോഗസ്ഥർ. വേനൽച്ചൂടിനും തീപിടിത്തങ്ങൾക്കും വിരാമമിട്ട് മഴയെത്തിയപ്പോഴും മഞ്ചേരി അഗ്നി രക്ഷാസേനയുടെ ജോലി കുറഞ്ഞിട്ടില്ല. വേണ്ടത്ര ആധുനിക സംവിധാനങ്ങളുടെ അഭാവത്തിൽ ദുരിതപൂർണ്ണമാണ് സേനാംഗങ്ങൾക്ക് ഈ മഴക്കാലവും. മരം വീണും വെള്ളത്തിലകപ്പെട്ടുമുള്ള അപകടങ്ങളാണ് ഇപ്പോൾ പ്രധാനമായും സേനയ്ക്കു മുന്നിലുള്ളത്. മരം വീണ ഇടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മൂർച്ചയുള്ള വാളുകളും മറ്റുപകരണങ്ങളും നാമമാത്രമാണ്. ഇക്കഴിഞ്ഞ ആറു മാസത്തിനിടെ സ്‌കൂബും ഒരു ജീപ്പുമടക്കം മിനി സ്റ്റേഷനാവശ്യമായ ചില ഉപകരണങ്ങൾ ലഭിച്ചെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ല. ഒരു നഗരസഭയും 11 പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മിനി സ്റ്റേഷന്റെ പ്രവർത്തന പരിധി.. പരിമിതികൾക്കിടയിൽനിന്ന് സേവനങ്ങളെത്തിക്കാനാവാതെ ജീവനക്കാർ വലയുകയാണ്. മഞ്ചേരി യൂണിറ്റിലുള്ളത് 16 ഉദ്യോഗസ്ഥരാണ്. ഇതിൽതന്നെ രണ്ടു ഫയർമാൻമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. മിനി സ്‌റ്റേഷൻ പ്രധാന സ്റ്റേഷനാക്കി ഉയർത്തിയാൽ നിലവിലെ ബാലാരിഷ്ടതകൾ പരിഹരിക്കപ്പെടുമെന്നും വാദമുണ്ട്. സർക്കാർ വിവിധ വകുപ്പുകളിൽ ആധുനികവത്കരണം നടപ്പാക്കുമ്പോൾ അഗ്നിരക്ഷാ സേന മാത്രം പരിഗണനയിൽ വരുന്നില്ല. ഇത് നിലവിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനും ഇടയാക്കുന്നുണ്ട്. പ്രധാന സ്റ്റേഷനാക്കണം നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ 2016 മാർച്ച് ഒന്നിനാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മിനി ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷൻ മഞ്ചേരിയിൽ അനുവദിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ നഗരസഭ അനുവദിച്ച വാടക മുറികളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 2018ൽ കരുവമ്പ്രം ടെക്നിക്കൽ സ്‌കൂളിനടുത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ 50 സെന്റ് സ്ഥലം ഫയർ സ്റ്റേഷനായി ഏറ്റെടുത്തിരുന്നു. എന്നാൽ തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല. പദവി ഉയർത്തുന്നതോടെ ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിക്കും. കെട്ടിട നിർമ്മാണവും വേഗത്തിലാവുമെന്നാണ് പ്രതീക്ഷ.