വളാഞ്ചേരി: വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര ബുലിയ സ്വദേശികളായ രാജാജി സമ്പാജി (29), വിജയ് പട്ടേൽ (35) എന്നിവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. രാജസ്ഥാനിൽ നിന്ന് ഗോതമ്പ് കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ ഭിത്തിയിലിടിച്ച് പ്രധാന വളവിലെ റോഡരികിൽ മറിഞ്ഞതിനാൽ ഗതാഗത തടസ്സമുണ്ടായില്ല. പൊലീസെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.