vvv

മഞ്ചേരി: വെള്ളം ഉയർന്ന മർദ്ദത്തിൽ ഗെയിൽ പൈപ്പ് ലൈനിലൂടെ കടത്തിവിട്ടുള്ള ക്ഷമതാ പരിശോധനയ്ക്കിടെ​ വീമ്പൂരിൽ ചോർച്ച. വെള്ളിയാഴ്ച രാത്രി വീമ്പൂരിലെ വാൾവ് സ്‌റ്റേഷനു സമീപത്താണ് പൈപ്പു പൊട്ടി വെള്ളം ശക്തിയിൽ പുറത്തേക്കൊഴുകിയത്. പൈപ്പ് ലൈൻ സ്ഥാപിച്ചു മണ്ണിട്ട് മൂടിയ ഭാഗത്തായിരുന്നു ചോർച്ച. ഉരുൾപൊട്ടലാണെന്ന് കരുതി നാട്ടുകാർ അർദ്ധരാത്രി നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ മണ്ണു മാറ്റി നടത്തിയ പരിശോധനയിൽ പൈപ്പു പൊട്ടിയത് സ്ഥിരീകരിച്ചു.

നാട്ടുകാർ ആശങ്കയിൽ

വെള്ളം കടത്തി വിടുമ്പോൾ തന്നെ തകരുന്ന പൈപ്പു വഴി വാതക ഇന്ധനം കടത്തിവിടുന്നത് പൊതുജനങ്ങളുടെ ജീവൻവച്ചുള്ള പന്താടലാണെന്ന പരാതിയുമായി നാട്ടുകാർ രംഗത്തുണ്ട്.

സംഭവത്തിൽ കടുത്ത ആശങ്കയിലാണ് തദ്ദേശീയർ. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടന്ന പ്രദേശമാണ് വീമ്പൂർ. സർക്കാർ ഇടപെട്ടു പ്രവൃത്തികൾ മുന്നോട്ടു കൊണ്ടുപോയതോടെ നിലച്ച പ്രതിഷേധം പുതിയ സാഹചര്യത്തിൽ വീണ്ടും തലപൊക്കുന്നുണ്ട്.

ആശങ്ക വേണ്ട

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഗെയിൽ അധികൃതരുടെ വിശദീകരണം. വാതകപൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം നടത്തുന്ന പരിശോധനകളിൽ ഇത്തരം ചോർച്ചകൾ കണ്ടെത്താറുണ്ട്.ശക്തമായ മർദ്ദത്തിൽ വെള്ളം കടത്തിവിട്ടുള്ള പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്. പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.