പെരിന്തൽമണ്ണ: 'ലക്ഷ്യം ഉയരെയാകണം. കൈകൾ നക്ഷത്രങ്ങളിലേക്ക് നീട്ടണം. എത്ര ഉയരത്തിലെത്തിയാലും വേരുകൾ ഭൂമിയിൽ തന്നെ വേണം. ഭൂമിയിലേക്ക് വേരാഴ്ത്തിയ മരങ്ങൾക്കേ ആകാശത്ത് ചില്ലകളയുയർത്താൻ കഴിയൂ.' വേരും തളിരും എന്ന കഥയുടെ പൊരുൾ തേടിയ കുട്ടിക്ക് കഥാകൃത്തിന്റെ മറുപടി.
അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരാണ് കോഴിക്കോട് റഹ്മാൻ ബസാറിലെ എഴുത്തുകാരൻ പി.കെ പാറക്കടവിന്റെ വീട്ടിലെത്തിയത്.
എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലൂടെ പരിചയപ്പെട്ട കഥാകാരനെ നേരിൽ കണ്ടപ്പോൾ കുട്ടികളുടെ മനസ്സുനിറഞ്ഞു. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി കഥാകൃത്തും കുട്ടികളും വട്ടംകൂടി. 'എഴുത്തിന്റെ വഴിയേ' പഠനയാത്രയുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
മിനിക്കഥകൾ എന്നല്ല മിന്നൽ കഥകൾ എന്നാണ് ഞാൻ എന്റെ കഥകളെ വിളിക്കുന്നത്. 'രാസവളം' ഒട്ടും ചേർത്തിട്ടില്ല. നാലോ അഞ്ചോ വരികളിൽ ആശയം ഉൾക്കൊള്ളിക്കാൻ ചിലപ്പോൾ സമയം ഏറെയെടുക്കും. ധാരാളം വായിച്ചാലേ നല്ല എഴുത്തുകാരനാകൂ. മറ്റുള്ളവർ എഴുതിയ രീതി സ്വീകരിക്കാനും പാടില്ല. ഓരോ രചനയിലും വ്യക്തിത്വവും വ്യത്യസ്തതയും തെളിയണംഎഴുത്തിന്റെ വഴികൾ അദ്ദേഹം പങ്കുവച്ചു. വിദ്യാരംഗം കോഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, സേവ്യർ എം.ജോസഫ്, സ്വപ്ന സിറിയക്, എം.പ്രിയ എന്നിവർ നേതൃത്വം നൽകി.
ജെറോം ബാബു, എ.ശ്രീദീപ്ത, പി.ഫാത്തിമ ജിൻസിയ, ടി.കെ മുഹമ്മദ് ഇഹ്‌സാൻ, സന ട്രീസ സന്തോഷ്, പി.കെ മുഹമ്മദ് ബാദുഷ, സയന സ്‌കറിയ, വി.അനിക് ജയിംസ്, പി.ഫാത്തിമ റിദാഹ്, ജിെ്രസ്രാ ദേവസ്യ എന്നിവർ ചോദ്യങ്ങളുന്നയിച്ചു. വീട്ടിൽ നിന്നും ഫ്രെയിം ചെയ്തു കൊണ്ടുവന്ന പി.കെ.പാറക്കടവിന്റെ ചിത്രം അവിനാശ് രാജ് അദ്ദേഹത്തിനു സമ്മാനിച്ചു. സ്‌കൂൾ ലൈബ്രറിയിലേക്ക് പി.കെ പാറക്കടവ് തന്റെ പുതിയ പുസ്തകങ്ങളും ഉപഹാരമായി വിദ്യാർത്ഥികൾക്ക് നൽകി.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാരംഗം പ്രവർത്തകർ എഴുത്തിന്റെ വഴിയേ പഠനയാത്രയുടെ ഭാഗമായി കഥാകൃത്ത് പി.കെ.പാറക്കടവിന്റെ വീട്ടിലെത്തിയപ്പോൾ.