minister
പാതയുടെ നവീകരണ പ്രവൃത്തി വിലയിരുത്താൻ മന്ത്രി ജി.സുധാകരൻ എത്തിയപ്പോൾ

മലപ്പുറം: ജില്ലയുടെ അതിർത്തിയായ നാടുകാണി ചുരം റോഡിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ചുരം നവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. ജാറത്തിന് സമീപം കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി മഴക്കിടെ ഇടിഞ്ഞു വീണ സ്ഥലങ്ങളിലാണ് മന്ത്രി ആദ്യമെത്തിയത്. വിദഗ്ധസമിതിയുടെ നിർദേശം അനുസരിക്കാതെയുളള അശാസ്ത്രീയമായ നിർമാണമാണ് കോൺക്രീറ്റ് ഭിത്തി തകർന്നു വീഴാനുളള കാരണമെന്ന് ആക്ഷേപങ്ങൾക്കിടയിലാണ് മന്ത്രിയുടെ സന്ദർശനം. നിലവിലുളള അപാകത പരിഹരിച്ച് ഒരു വർഷത്തിനകം കാലാവധി ചുരം പാതയുടെ നിർമാണം പൂർത്തിയാക്കാമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

നാടുകാണി - പരപ്പനങ്ങാടി പാതയുടെ നവീകരണത്തിനായി 450 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. വടകര മടപ്പള്ളി ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. 104.70 കിലോ മീറ്ററാണ് പാതയുടെ ദൈർഘ്യം. നാടുകാണി മുതൽ വഴിക്കടവ് വരെ 11.60 കിലോമീറ്റർ വനത്തിലൂടെയുള്ള ചുരം മേഖലയാണ്. പരിസ്ഥിതി ലോലവും മണ്ണിടിച്ചിൽ സാദ്ധ്യതയുമേറിയ ചുരം മേഖലയിൽ റോഡ് സംരക്ഷണ ഭിത്തികളും കലുങ്കുകളും റോഡ് ടാറിംഗ് അടക്കം 70 ശതമാനം പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. റോഡിന് 12 മീറ്റർ വീതികൂട്ടി അരികുചാലുകളും കലുങ്കുകളും സംരക്ഷണഭിത്തിയും നിർമ്മിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നുണ്ട്. പദ്ധതിയുടെ നിർമ്മാണ അടുത്ത വർഷം ഫെബ്രുവരി വരെ നീട്ടിയിട്ടുണ്ട്. 328 കോടി രൂപ വകയിരുത്തിയ സിവിൽ പ്രവൃത്തികളിൽ പകുതിയോളം പൂർത്തിയായതായി അധികൃതർ അറിയിച്ചു. നാടുകാണി പി.വി. അൻവർ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. ചുരത്തിലെ വനത്തോട് ചേർന്ന റോഡിന്റെ ഭിത്തി നിർമാണത്തിനെതിരെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ രംഗത്തെത്തിയത് പ്രവൃത്തിയെ ബാധിച്ചിരുന്നു. കർണാടക സംസ്ഥാനങ്ങളിലേക്കുളള പ്രധാനപാതയാണിത്. താമരശേരി ചുരം റോഡിന് ബദൽപാതയായും ഉപയോഗപ്പെടുത്തുന്നുണ്ട്.