തിരൂരങ്ങാടി: തപാൽ വസ്തുക്കൾ മേൽവിലാസക്കാർക്ക് ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. തിരൂരങ്ങാടി ഹെഡ് പോസ്റ്റ് ഓഫീസ് പരിധിയിലുള്ള നിരവധി പേർക്കാണ് ഏറെക്കാലമായി തപാൽ ഉരുപ്പടികൾ യഥാസമം ലഭിക്കാത്തത്. മാസികകളും വാരികകളും മൂന്നും നാലും മാസത്തേത് ഒന്നിച്ചാണ് ലഭിക്കുന്നത്. ബാങ്കുകളിൽ നിന്നും കോളേജുകളിൽ നിന്നും മറ്റുമുള്ള പ്രധാനപ്പെട്ട കത്തുകൾ, ടെലഫോൺ ബില്ല് തുടങ്ങിയവ യഥാസമയം ലഭിക്കാത്തതിനാൽ ഫോൺ കട്ടായതും ബാങ്ക് നടപടി നേരിടേണ്ടി വന്നതായും പലർക്കും ഉണ്ടായിട്ടുണ്ട്. മേൽവിലാസക്കാരൻ സ്ഥലത്തില്ലെന്ന് കാണിച്ച് സർട്ടിഫിക്കറ്റുകൾ അടക്കം തിരിച്ചയച്ച സംഭവവും കുറച്ചൊന്നുമല്ല.
ഓരോ വ്യക്തികൾക്ക് പ്രത്യേകം സ്റ്റാമ്പ് പതിച്ച് അയക്കുന്ന പ്രസിദ്ധീകരണങ്ങൾ പോസ്റ്റ് ഓഫീസിൽ നിന്ന് കെട്ടാക്കി ചില വീടുകളിൽ വെച്ചു പോകുന്നതും ഇവിടെ പതിവാണ്.
ഇതേക്കുറിച്ച് പോസ്റ്റ് മാസ്റ്ററോട് നേരിട്ടും രേഖാമൂലവും പലതവണ പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. സ്ഥിരമായി പോസ്റ്റ്മാനെ കിട്ടാത്തതും താൽക്കാലികമായി വരുന്നവർക്ക് മേൽ വിലാസക്കാരെ അറിയാത്തുമാണ് കാരണമെന്നാണ് അധികൃതരുടെ വാദം. ഇതിനെതിരെ നിയമ നടപടിക്കും ജനകീയ പ്രക്ഷോഭത്തിനുമൊരുങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാർ.