വളാഞ്ചേരി: പൊലീസ് പരിശോധന കണ്ട് പെട്ടെന്ന് നിർത്തിയ ബൈക്കിന്റെ പിന്നിൽ ഇന്നോവ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.40 ഓടെ വളാഞ്ചേരി കൊപ്പം പാതയിലെ കോട്ടപ്പുറം ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.
ബൈക്ക് യാത്രക്കാരായ ഇരിമ്പിളിയം കൊടുമുടി സ്വദേശി മാപ്പിളവളപ്പിൽ മാധവൻ (32 ), ഭാര്യ ധന്യ (27 ) മകൾ അവന്തിക (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. വളാഞ്ചേരിയിൽ നിന്നും കൊടുമുടിയിലേക്ക് പോകുകയായിരുന്ന ബൈക്ക്, കോട്ടപ്പുറം തോടിനു സമീപം പോലീസ് പരിശോധന നടത്തുന്നതുകണ്ട് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തുകയായിരുന്നു. ഇതേ ദിശയിൽ വന്ന ഇന്നോവ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. അപകടം കണ്ട പൊലീസ് തന്നെയാണ് പരിക്കേറ്റവരെ പൊലീസ് വാഹനത്തിൽ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.