മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ ലാബിലെ പരിശോധനകളുടെ നിരക്ക് വലിയതോതിൽ ഉയർത്തിയത് രോഗികൾക്ക് ദുരിതമാവുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കുള്ള സൗജന്യ നിരക്ക് ഒഴിവാക്കി പകുതി നിരക്കാണ് ഈടാക്കുന്നത്. ഇത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. പകുതിയും അതിലധികവും നിരക്ക് ഈടാക്കുന്നുണ്ടെന്നാണ് രോഗികൾ പറയുന്നത്. നിർധന രോഗികൾക്ക് ലാബ് പരിശോധനകൾ സൗജന്യമായി ലഭിക്കുന്നത് വലിയ ആശ്വാസമായിരുന്നു. ഇതാണ് ആശുപത്രി വികസന സമിതിയുടെ പുതിയ തീരുമാനത്തോടെ നിലച്ചത്.
മെഡിക്കൽ കോളേജ് പരിസരത്ത് നിരവധി സ്വകാര്യ ലാബുകളാണുള്ളത്. പണം നൽകിയുള്ള പരിശോധനകൾക്ക് ഇത്തരം ലാബുകളിൽ അധികം കാത്തിരിക്കേണ്ട അവസ്ഥയുമില്ല. ഇക്കാരണത്താൽ സാധാരണക്കാരും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട നിലയാണിപ്പോൾ സംജാതമായിരിക്കുന്നത്. അശുപത്രിയിൽ രോഗികളെ കാണാനെത്തുന്നവർക്കുള്ള പാസ് നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.
താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക കണ്ടെത്തുന്നതിനായാണ് ലാബ് നിരക്ക് ഉയർത്തിയത്.
ആശുപത്രി അധികൃതർ
വളാഞ്ചേരി നഗരസഭ കൗൺസിലറുടെ
മുൻകൂർ ജാമ്യാപേക്ഷ മാറ്റി
മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്കു മാറ്റി. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനാണിത്. ഇതിനിടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ജനപ്രതിനിധി പോക്‌സോ കേസിലകപ്പെട്ടത് വിവാദമായിരുന്നു. പെൺകുട്ടി പരാതി നൽകിതോടെ വിദേശത്തേക്കു കടന്ന പ്രതി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കു വേണ്ടി അഡ്വ. ബി.എ. ആളൂർ ഹാജരായി.
പ്രതിഷേധം ശക്തമാക്കി എസ്.എഫ്.ഐ
മഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാൻ രോകുലിനെ ആക്രമണത്തിന് ഇയായതിൽ പ്രതിഷേധം ശക്തമാക്കി എസ്.എഫ്.ഐ. മഞ്ചേരി എൻ.എസ്.എസ്. കോളേജിൽ പ്രവർത്തകർ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. സെക്രട്ടറി ജിബിൻ, പ്രസിഡന്റ് രാഹുൽ, മഞ്ചേരി ഏരിയ സെക്രട്ടറി ശിഹാബ് സംസാരിച്ചു.