മഞ്ചേരി: നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് (എൻ.യു.ഐ.ഡി) നൽകുന്നതിനുള്ള വിവര ശേഖരണത്തിന് കേന്ദ്രത്തിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആക്ഷേപം. തിങ്കളാഴ്ച ജില്ലാ നഴ്സിങ് സ്കൂളിൽ നടന്ന വിവര ശേഖരണത്തിനാണ് സൗകര്യങ്ങൾ ഒരുക്കാതെ ബന്ധപ്പെട്ടവർ ഉദ്യോഗാർഥികളെ പരീക്ഷിച്ചത്.
ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിർദേശപ്രകാരമാണ് വിവര ശേഖരണം നടത്തുന്നത്. രാവിലെ പത്ത് മുതൽ നടപടികൾ ആരംഭിക്കുമെന്നായിരുന്നു ഇവർക്ക് ലഭിച്ച നിർദേശം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പലരും രാവിലെ ഏഴ് മണിയോടെ തന്നെ സ്കൂളിലെത്തി.
എന്നാൽ 12 മണിയായിട്ടും വിവര ശേഖരണത്തിന് സ്വകാര്യ ഏജൻസി ഏൽപ്പിച്ച ജീവനക്കാർ എത്തിയില്ല. ഇതോടെ ഉദ്യോഗാർഥികൾ പ്രതിഷേധവുമായെത്തി. പലരും ചെറിയ കുട്ടികളെയും കൊണ്ടാണ് എത്തിയിരുന്നത്. നഴ്സിങ് സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും സ്ഥലം വിട്ടുനൽകാൻ മാത്രമാണ് ഇവർക്ക് നിർദേശം ലഭിച്ചിരുന്നത്. ഒടുവിൽ 12.30 ഓടെയാണ് സ്വകാര്യ ഏജൻസി നിയോഗിച്ച ജീവനക്കാരെത്തിയത്. നേരം വൈകിയതിനാൽ ആദ്യ ദിവസം പത്ത് പേർക്ക് മാത്രമാണ് അവസരം നൽകിയത്.
എന്നാൽ ഗൂഡല്ലൂരിൽ നിന്നും എത്തിയ യുവതിയുടെ കുടുംബം യാത്രാ ബുദ്ധിമുട്ട് അറിയിച്ചതോടെ അവരെയും പരിഗണിക്കാമെന്ന് അറിയിച്ചു. വരും ദിവസങ്ങളിൽ 30 പേരെ വീതം ദിവസവും പരിഗണിക്കുമെന്നും അവർ പറഞ്ഞു.