മലപ്പുറം: ജില്ലയിൽ അതിതീവ്രമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ 18, 19, 20 തീയതികളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാദ്ധ്യതയേറെയാണെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ കളക്ടർ ജാഫർ മാലിക് ജില്ലാതല ഉദ്യോഗസ്ഥരോടും തഹസിൽദാർമാരോടും നിർദ്ദേശിച്ചു.2018ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലും അടച്ചുറപ്പില്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയ്യാറാക്കണം. ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുതാഘാതമൊഴിവാക്കാൻ മെയിൻ സ്വിച്ച് ഓഫാക്കണം. പ്രധാനപ്പെട്ട രേഖകൾ, ആഭരണങ്ങൾ പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പമെടുക്കാവുന്ന വീട്ടിലെ ഉയർന്ന സ്ഥലത്തു സൂക്ഷിക്കണം.വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ പറ്റിയില്ലെങ്കിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യണം. താഴ്ന്ന പ്രദേശത്തെ ഫ്ളാറ്റുകളിലുള്ളവർ ഫ്ളാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
ഇവ പാലിക്കാൻ മറക്കരുത്
ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതിനാൽ രാത്രിസമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജലനിരപ്പുയരാൻ സാദ്ധ്യതയുണ്ടെന്നതിനാൽ മഴയത്ത് ഇവിടങ്ങളിൽ ഇറങ്ങരുത്.