മലപ്പുറം: നിയമവും ബോധവത്കരണവും ശക്തമാക്കുമ്പോഴും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. ജില്ലയിൽ കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ലൈംഗിക പീഡന കേസുകളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 495 പീഡനക്കേസുകളുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമാണ്.
സംസ്ഥാന ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈവർഷം ജില്ലയിൽ കുട്ടികൾ ഇരകളായ 462 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 110 എണ്ണം പീഡനക്കേസുകളാണ്. കഴിഞ്ഞ വർഷം 79, 2017ൽ 85, 2016ൽ 61, 2015ൽ 49, 2014ൽ 40 എന്നിങ്ങനെയാണ് പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഈവർഷം ഇതുവരെ 200ഓളം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തതും ജില്ലയിലാണ്. ഏപ്രിലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് - 57.
പീഡനക്കേസുകൾ കഴിഞ്ഞാൽ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന കേസുകളാണ് കൂടുതലും. ഈവർഷം ഏപ്രിൽ വരെ എട്ട് കേസുകളുണ്ടായി. കഴിഞ്ഞ വർഷമിത് 10 കേസുകളായിരുന്നു. 2017ൽ - 2 , 2016ൽ - 4, 2015ൽ - 21, 2014ൽ അഞ്ച് എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. പത്ത് വർഷത്തിനിടെ 58 കേസുകളുണ്ടായി.
കഴിഞ്ഞ വർഷം മൂന്നു കുട്ടികളാണ് കൊല്ലപ്പെട്ടത്. 2017ൽ 2, 2016 - 5, 2015ൽ 3 എന്നിങ്ങനെയാണിത്. ബാലവിവാഹത്തിനെതിരെ നടപടി ശക്തമാക്കിയത് ഇത്തരം കേസുകൾ കുറയാൻ കാരണമായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതുസംബന്ധിച്ച 16 കേസുകളാണുണ്ടായത്. പരാതി ഉയരുമ്പോൾ മാത്രമാണ് ഇത്തരം വിവാഹങ്ങൾ പുറത്തറിയുന്നതും നടപടിയെടുക്കുന്നതും. നിശ്ചയം നേരത്തെ നടത്തി 18 തികയുമ്പോൾ വിവാഹം നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്.
നിയമം ശക്തം, വേണം ജാഗ്രത
നിയമം ശക്തം, വേണം ജാഗ്രത അപരിചിതരേക്കാൾ പരിചിതരിൽ നിന്നാണ് കുട്ടികൾ ലൈംഗിക അതിക്രമത്തിന് വിധേയമാകുന്നത്.
വീടുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരുണ്ട്. ബന്ധുക്കളിൽ നിന്ന് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണവും കുറവല്ല.
ആൺകുട്ടികൾ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെങ്കിലും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. സ്കൂളുകളിലെ കൗൺസലിംഗുകളിലാണ് മിക്കപ്പോഴും അതിക്രമങ്ങൾ പുറത്തറിയുന്നത്.
അതിക്രമങ്ങളുണ്ടായാൽ അറിയിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാനാവും.
മുൻകാലങ്ങളിൽ കുട്ടിയുടെ ഭാവിയെ കരുതി പരാതിപ്പെടാതിരുന്ന രക്ഷിതാക്കളുടെ മനോഗതിക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ബോധവത്കരണവും പരാതികളിൽ ശക്തമായ നടപടികളും ഇതിന് സഹായിച്ചിട്ടുണ്ട്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ
കഴിഞ്ഞ 5
വർഷത്തെ
പോക്സോ
കേസുകൾ
2019 - 170
2018 - 410
2017 - 219
2016 - 244
2015 - 182