പെരിന്തൽമണ്ണ: വ്യാപകമായ തോതിലുള്ള അനധികൃത ചെങ്കൽ ഖനനം ടൂറിസം കേന്ദ്രങ്ങളായ പാലൂർകോട്ടയെയും വെള്ളച്ചാട്ടത്തെയും തകർത്തേയ്ക്കുമെന്ന് ആശങ്ക. പാലൂർകോട്ട പ്രദേശത്ത് ചില തദ്ദേശീയരുടെ ഒത്താശയോടെ ക്വാറി മാഫിയ പത്തോളം സ്ഥലങ്ങളിൽ തമ്പടിച്ച് നിത്യേന അനധികൃത ഖനനം നടത്തി നൂറ് കണക്കിന് ലോഡ് ചെങ്കല്ല് കടത്തുന്നെന്നാണ് ആക്ഷേപം. കുളത്തൂർ, പുഴക്കാട്ടിരി വില്ലേജ് അധികൃതരുടെ മൗനാനുവാദവും ഖനനത്തിനുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. അനധികൃത ക്വാറികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പുഴക്കാട്ടിരി പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ വ്യവസായ എസ്റ്റേറ്റിലെ സംരംഭകരും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റിന്റെ പ്രവേശന വഴിയിൽ തന്നെ ഏക്കർകണക്കിന് ഭൂമി ചെങ്കൽ ഖനനത്തിനായി കെട്ടിമറച്ച് നിരപ്പാക്കുന്നുണ്ടെന്നാണ് പരാതി. വ്യവസായ എസ്റ്റേറ്റിന്റെ കോമ്പൗണ്ടിനോട് ചേർന്ന് ഇരുപതോളം മെഷീനുകൾ സ്ഥാപിച്ചും ഖനനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ്, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഉണ്ടാക്കിയതെന്ന് പറയപ്പെടുന്ന പാലൂർ കോട്ടയുടെ ഏറ്റവും മുകൾഭാഗത്തും ഖനനത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരങ്ങൾ നീക്കി നിലം നിരപ്പാക്കുന്നത്. ഇതിന്റെ തൊട്ടടുത്താണ് കടുത്ത വേനലിലും വറ്റാത്ത വലിയകുളം. ഈ കുളം വർഷക്കാലത്ത് നിറഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന പാലൂർകോട്ട വെള്ളച്ചാട്ടം പ്രശസ്തമാണ്. ഇവിടെ ഖനനം ആരംഭിക്കുന്നതോടെ കുളം വറ്റി ഇല്ലാതാവുമെന്ന് പ്രകൃതിസ്നേഹികൾ ആശങ്കപ്പെടുന്നു.
ഇവിടെ വ്യാപകമായ തോതിൽ റവന്യൂ ഭൂമി സ്വകാര്യ വ്യക്തികൾ കൈവശം വച്ചരിക്കുന്നതായും പണ്ടത്തെ കോട്ടയുടെ കിടങ്ങുകൾ നികത്തി തെങ്ങ് വച്ചതായും ആക്ഷേപമുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ ഖനനവും ആരംഭിച്ചിട്ടുള്ളത്. പുഴക്കാട്ടിരി വില്ലേജിൽ പെടുന്ന സ്ഥലങ്ങൾക്കൊപ്പം കുളത്തൂർ വില്ലേജിൽ പെടുന്ന സ്ഥലങ്ങളിലും അനധികൃത ക്വാറികളും ഖനനങ്ങളും വ്യാപകമാണ്. പാലൂർകോട്ടയുടെയും വെള്ളച്ചാട്ടത്തിന്റെയും സംരക്ഷണത്തിനായി അധികൃതരുടെ ഭാഗത്ത് നിന്ന് സത്വര നടപടിയുണ്ടാവണമെന്നാണ്നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ പുഴക്കാട്ടിരി അങ്ങാടിക്ക് പോലും ഭീഷണിയാവും വിധം ഉരുൾപൊട്ടൽ രൂപത്തിൽ ഏത് നിമിഷവും പതിക്കാവുന്ന ജലബോംബായി ക്വാറികൾ മാറിയേക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടുന്നു.