മലപ്പുറം: വേനൽമഴയിലെ വലിയ കുറവിനൊപ്പം മൺസൂൺ മഴ കൂടി കുറഞ്ഞാൽ ജില്ല അഭിമുഖീകരിക്കേണ്ടി വരിക വലിയ ജലക്ഷാമം. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ കാര്യമായ മഴ എവിടെയും ലഭിച്ചില്ല. ഇന്ന് അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വേനൽമഴയിൽ
കുറവ്
വേനൽമഴയിലെ കുറവ് മറികടക്കാൻ മൺസൂൺ മഴ കനിയുമെന്ന പ്രതീക്ഷകൾക്കിടെ ജൂണിൽ കാര്യമായ മഴ ലഭിച്ചില്ല. ജൂലൈയിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതരുടെ പ്രഖ്യാപനത്തെയും അസ്ഥാനത്താക്കുന്ന വിധത്തിലാണ് മൺസൂൺ മുന്നോട്ടുപോവുന്നത്. ജൂൺ ഒന്നുമുതൽ ജൂലൈ പത്ത് വരെ 878 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 554.9 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 37 ശതമാനത്തിന്റെ കുറവ്.
ജൂലൈ പ്രതീക്ഷ
അതേസമയം കഴിഞ്ഞ ആഴ്ച്ച 170.7 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ 169.8 മില്ലീമീറ്റർ മഴ ലഭിച്ചു. ഒരു ശതമാനത്തിന്റെ മാത്രം കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ഈ ആഴ്ച്ചയിൽ മൂന്ന് ദിവസം ജില്ലയിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണത്തോടെ മഴക്കുറവ് പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു.
ജലസ്രോതസുകൾ നിറയുന്നില്ല
ജില്ലയിലെ ജലസ്രോതസ്സുകളിലെ ജലവിതാനത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ല.
നിറഞ്ഞൊഴുകേണ്ട പുഴകൾ മടിച്ചൊഴുകുന്ന അവസ്ഥയാണ്. ജൂലൈ ആദ്യ ആഴ്ച്ചയിലെ ശക്തമായ മഴ ജലവിതാനം ഉയർത്തിയെങ്കിലും വീണ്ടും പഴയ അവസ്ഥയിലേക്കാണ് പുഴകളുടെ ഒഴുക്ക്.
കിണറുകളിലെ ജലവിതാനവും കുറഞ്ഞിട്ടുണ്ട്.
മഴക്കുറവ് കർഷകരെയും പ്രതികൂലമായി ബാധിച്ചു. നെൽ കർഷകരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പാടങ്ങളിൽ വെള്ളം കുറവാണെന്നതിനാൽ പലർക്കും കൃഷിയിറക്കാനായിട്ടില്ല.