സാലി മേലാക്കം മഞ്ചേരി: നഗരത്തിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാവുന്നു. മെഡിക്കൽ കോളേജ് മൈതാനവും പരിസരവുമാണ് ഇവയുടെ സങ്കേതം. മാർക്കറ്റും മെഡിക്കൽ കോളേജ് പരിസരവും കേന്ദ്രീകരിച്ച് നായ്ക്കൾ പെരുകുന്നത് ജനങ്ങൾക്കു ഭീഷണിയാവുകയാണ്. മെഡിക്കൽ കോളേജ് മൈതാനമാണ് പകൽ സമയം നായ്ക്കളുടെ സങ്കേതം. മെഡിക്കൽ കോളേജ് പരിസരവും നായ്ക്കളുടെ സ്വൈര്യ വിഹാര കേന്ദ്രമാണ്. ഇവിടങ്ങളിൽ പെറ്റു പെരുകുകയാണിവ. രാത്രി ആശുപത്രിയിലെത്തുന്നവർക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണുള്ളത്. തെരുവുനായ ശല്യം വർദ്ധിച്ചപ്പോൾ നഗരസഭ ഇവയെ പിടികൂടി വന്ധ്യംകരിയ്ക്കാൻ നടപടി സ്വീകരിച്ചിരുന്നു. പ്രത്യേക ദൗത്യ സംഘത്തെ രംഗത്തിറക്കി നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വിട്ടയയ്ക്കുക യായിരുന്നു പദ്ധതി. വിജയത്തിലെത്തും മുമ്പ് ഈ പദ്ധതി നിലച്ചു. മെഡിക്കൽ കോളേജ്, മാർക്കറ്റ് ഭാഗങ്ങളിലൂടെ വാഹനങ്ങളിൽ പോലും സഞ്ചരിക്കാനാവാത്ത നിലയാണുള്ളത്.. ഇതുചക്ര വാഹനങ്ങളിൽ പോകുന്നവരെ നായ്ക്കൾ പിറകെകൂടി ആക്രമിക്കാൻ ശ്രമിക്കുന്നതും നിത്യസംഭവമാണ്. പ്രശ്നം സങ്കീർണ്ണമായിട്ടും ഇക്കാര്യത്തിൽ പരിഹാര നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.