പൊന്നാനി: നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബലക്ഷയം നേരിടുന്നതുമായ പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങൾ തകർന്നു വീഴുന്നത് പതിവാകുമ്പോൾ, അപകടങ്ങളും ദുരന്തങ്ങളും വഴിമാറുന്നത് ഭാഗ്യത്തിന്റെ ദാക്ഷിണ്യത്തിൽ. വെള്ളിയാഴ്ച്ച രാത്രി പകുതി തകർന്ന കെട്ടിടം പൂർണ്ണമായി നിലംപൊത്തിയപ്പോൾ അപകടം വഴിമാറിയത് അവധി ദിവസവും രാത്രിയുമായതിനാലാണ്.
അപകടങ്ങൾ തൂങ്ങിയാടുന്ന ഒരു ഡസനോളം കെട്ടിടങ്ങളുടെ കാര്യത്തിൽ പൊന്നാനി നഗരസഭ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ ശക്തമായ വിമർശനമുയരുന്നുണ്ട്.
മഴ ശക്തമായാൽ കെട്ടിടം നിലം പൊത്തുന്നത് അങ്ങാടിയിൽ പതിവാണ്.വെളളിയാഴ്ച്ച രാത്രി കെട്ടിടം തകർന്നു വീഴുമ്പോൾ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ സമീപത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
നഗരസഭയുടെ
പിന്മാറ്റം
ഏറെ കൊട്ടിഘോഷിച്ച് തുടക്കമിട്ട പൊന്നാനി അങ്ങാടി വികസനത്തിൽ നിന്ന് നഗരസഭ പിൻവാങ്ങിയതോടെ തകർച്ച നേരിടുന്ന കെട്ടിടങ്ങൾക്കെതിരായ നടപടി ശീതീകരണിയിലായി.
കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകളും വ്യാപാരികളും സ്വയം സന്നദ്ധമാകാത്തതാണ് നഗരസഭ പിന്മാറാൻ കാരണം.
സ്വന്തം നിലയ്ക്ക് കെട്ടിടങ്ങൾ പൊളിക്കുന്നത് നിയമപ്രശ്നങ്ങളുണ്ടാക്കുമെന്ന വിദഗ്ദ്ധോപദേശവും പിന്മാറ്റത്തിന് കാരണമായി.
കാലഹരണപ്പെട്ട കെട്ടിടങ്ങ ളും റോഡിലേക്ക് ഇറങ്ങി ക്കിടക്കുന്ന കെട്ടിടഭാഗങ്ങളും പൊളിച്ചുമാറ്റി റോഡ് വികസിപ്പിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. കെട്ടിട ഉടമകളുമായും വ്യാപാരികളുമായും സമവായ ചർച്ച നടത്തി അനുകൂല തീരുമാനത്തിലെത്തുകയും ചെയ്തു.
എന്നാൽ യോഗതീരുമാനത്തിന് വിരുദ്ധമായി ചില വ്യാപാരികളും ഉടമകളും നിലപാടെടുത്തതോടെ നഗരസഭയും പിന്നാക്കം പോയി.
ഒന്നും നടപ്പായില്ല
ചാണ റോഡ് മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്തെ ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളുടെ വിവരം ശേഖരിച്ച നഗരസഭ ഇവയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു.
കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകളോട് നിയമപരമായി ആവശ്യപ്പെടാനും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കൽ നടപടിയുമായി മുന്നോട്ടു പോവാനുമാണ്തീരുമാനിച്ചിരുന്നത്.
അങ്ങാടിയിലെ ബലക്ഷയം നേരിടുന്ന 11 കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസും നൽകി. എന്നാൽ ഇതൊന്നും നടപ്പിലായില്ല.
പല കെട്ടിടങ്ങളും സ്വത്തുതർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി വ്യവഹാരം നേരിടുന്നതും നഗരസഭയെ വലച്ചു.
ഇനി എന്ത്?
ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണ് നഗരസഭയുടെ തീരുമാനം.
തകർച്ച നേരിടുന്ന കെട്ടിടങ്ങ ളുടെ കാര്യത്തിൽ എന്ത് നടപടിയെടുക്ക ണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന പൊന്നാനി താലൂക്ക് ദുരന്തനിവാരണ സമിതി ചർച്ച ചെയ്യും . അങ്ങാടിയിലെ കെട്ടിടങ്ങൾ സംബന്ധിച്ച് കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്നതിനാൽ പലതിലും നടപടി സ്വീകരിക്കാൻ തടസമുണ്ട്. ഇതു മറികടക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.
സി.പി. മുഹമ്മദ് കുഞ്ഞി
നഗരസഭ ചെയർമാൻ