മലപ്പുറം: പനിബാധിതരാൽ നിന്നു തിരിയാനിടമില്ലാത്ത വിധത്തിലാണ് ജില്ലയിലെ സർക്കാർ ആശുപത്രികൾ. മൺസൂൺ തുടങ്ങിയ ശേഷം പനി ബാധിതരുടെ എണ്ണം ഏറ്റവും കൂടിയത് ഒരാഴ്ച്ചയ്ക്കിടെയാണ്. വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ദിനംപ്രതി 3,000ത്തിലധികം പേരാണ് ചികിത്സ തേടുന്നത്. നേരത്തെ ശരാശരി 1,500നിടയിൽ പേർ ചികിത്സ തേടിയ സ്ഥാനത്താണിത്. വൈറൽപനി ബാധിച്ചാണ് കൂടുതൽ പേരുമെത്തുന്നത്. സ്വകാര്യ ക്ലിനിക്കുകളിലും മറ്റുമെത്തുന്നവരുടെ എണ്ണം ഇതിന് പുറമെയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16,170 പേർ ചികിത്സ തേടി. വിട്ടുമാറിയുള്ള പനിക്കൊപ്പം ദിവസങ്ങൾ നീളുന്ന സന്ധിവേദനയും പേശിവേദനയും രോഗികളെ ഏറെ വലയ്ക്കുന്നുണ്ട്. ഇൻഫ്ളുവൻസ വിഭാഗത്തിൽപെട്ട വൈറസുകൾ മൂലമുള്ള പനിക്കൊപ്പം ജലദോഷവും തൊണ്ടവേദനയും പിടിപെടുന്നുണ്ട്. കൃത്യമായ സമയത്ത് ചികിത്സ തേടുന്നതിനൊപ്പം മതിയായ വിശ്രമവും അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയയിടങ്ങളിൽ വൈകിട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കിയതും ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മുഴുവൻ സമയപനി ക്ലിനിക്കുകൾ തുടങ്ങിയതും രോഗികൾക്ക് സഹായകമായിട്ടുണ്ട്. മരുന്നുകൾ മിക്കതും സർക്കാർ ആശുപത്രികളിൽ തന്നെ ലഭ്യമാണ്. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ ഉച്ചയ്ക്ക് ശേഷവും രോഗികളുടെ നീണ്ട നിരയായിരുന്നു. വൈകിട്ടും ഫാർമസി പ്രവർത്തിക്കുന്നുണ്ട്.
മസ്തിഷ്ക ജ്വരവും വെസ്റ്റ് നൈലും
മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തിന് കുറവുണ്ടെങ്കിലും രോഗത്തെ പിടിച്ചുകെട്ടാനായിട്ടില്ല. കഴിഞ്ഞ ആഴ്ച്ച ഒരുകേസ് റിപ്പോർട്ട് ചെയ്തു.
മെനിഞ്ചൈറ്റിസ് ബാധിച്ച് രണ്ടുപേരും എൻസിഫലിറ്റിസ്, വെസ്റ്റ് നൈൽ രോഗങ്ങളോടെ ഓരോ മരണങ്ങളുമുണ്ടായി.
. ഗുരുതര രോഗങ്ങളുടെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടില്ല.
ഒരാഴ്ചയ്ക്കിടെ 36 ഡെങ്കി കേസുകൾ റിപ്പോർട്ട് ച െയ്തിട്ടുണ്ട്. കരുവാരക്കുണ്ട്, കുറ്റിപ്പുറം, ആനക്കയം, കാളികാവ്, തിരുവാലി, തൃക്കലങ്ങോട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
നന്നംമുക്കിൽ ഒരു മലേറിയ കേസുമുണ്ടായി. അതിസാരവുമായി എത്തുന്നവരുടെ എണ്ണം 500 കവിഞ്ഞു.